സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ബഹ്റൈൻ മീഡിയ സിറ്റിയുടെ ഓണാഘോഷമായ ശ്രാവണ മഹോത്സവം 2026 അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. മുൻ വർഷങ്ങളിലേതുപോലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കായി ബി എം സി ഒരുക്കുന്ന ഓണസദ്യ ഒക്ടോബർ 30 വെള്ളിയാഴ്ച ബിഎംസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും.വെള്ളിയാഴ്ച രാവിലെ 11 മണി മുതലാണ് ബി എം സി -യിൽ ഓണസദ്യ നടക്കുക. ഇതുമായി ബന്ധപ്പെട്ട് ബഹ്റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തിന്റെ അധ്യക്ഷതയിൽ നടന്ന സംഘാടകസമിതി യോഗത്തിൽ,ഇ വി രാജീവൻ ഓണസദ്യ ജനറൽ കൺവീനർ ആയും, സയ്യിദ് ഹനീഫ, അൻവർ നിലമ്പൂർ, അജി പി ജോയ്, ജേക്കബ് തെക്കൻതോട്, രഞ്ജിത്ത് കുരുവിള എന്നിവർ ജോയിൻ കൺവീനർമാരായും തിരഞ്ഞെടുക്കപ്പെട്ടു.

പശ്ചിമേഷ്യയിൽ നിലനിന്നിരുന്ന സംഘർഷ സാഹചര്യം കാരണം ഇത്തവണ ബഹറിൻ മീഡിയ സിറ്റിയുടെ ശ്രാവണ മഹോത്സവം 2026 മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ജനകീയമാക്കിയാണ് സംഘടിപ്പിച്ചത്. ഇതിൻ്റെ ഭാഗമായി സഹോദര സംഘടനകൾ ചേർന്നു, ലേബർ ക്യാമ്പുകളിൽ ഓണാഘോഷങ്ങളും സംഘടിപ്പിക്കുകയും, സൗജന്യ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു.ഫ്രാൻസിസ് കൈതാരത്തിന്റെ നേതൃത്വത്തിൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ കരുവന്നൂരും, ജനറൽ കൺവീനർ ബിജു കൂരോപ്പടയും ചീഫ് കോർഡിനേറ്റർ എം എസ് സുനീഷിൻ്റെയും പിന്തുണയോടെ 51 അംഗ സംഘാടകസമിതിയാണ് ഇതിനുവേണ്ടി പ്രവർത്തിച്ചത്. ഓണസദ്യ പദ്ധതിയോട് ഏവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും, സഹകരിച്ച എല്ലാവർക്കും പ്രത്യേകമായ നന്ദി അറിയിക്കുന്നു എന്നും ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.
