മട്ടന്നൂര്‍ നഗരസഭാ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്. 35 വാര്‍ഡുകളില്‍ എല്‍ഡിഎഫ് 21ഉം യുഡിഎഫ് 14ലും വിജയിച്ചു. ബിജെപിക്ക് ഒരു വാര്‍ഡും ലഭിച്ചില്ല. ഇത് ആറാം തവണയാണ് എല്‍ഡിഎഫ് നഗരസഭ ഭരിക്കുന്നത്. ഇടതുമുന്നണിയുടെ എട്ടു വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ ഒരു വാര്‍ഡ് ഇടതുമുന്നണിയും പിടിച്ചെടുത്തു.
കീച്ചേരി, കല്ലൂര്‍, മുണ്ടയോട്, പെരുവയല്‍ക്കരി, കായലൂര്‍, കോളാരി, പരിയാരം, അയ്യല്ലൂര്‍, ഇടവേലിക്കല്‍, പഴശ്ശി, ഉരുവച്ചാല്‍, കരേറ്റ, കുഴിക്കല്‍, കയനി, ദേവര്‍ക്കാട്, കാര, നെല്ലൂന്നി, മലക്കുതാഴെ, എയര്‍പോര്‍ട്ട്, ഉത്തിയൂര്‍, നാലാങ്കേരി എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് വിജയം നേടിയത്. മണ്ണൂര്‍, പൊറോറ, ഏളന്നൂര്‍, ആണിക്കരി, കളറോഡ്, ബേരം, പെരിഞ്ചേരി, ഇല്ലംഭാഗം, മട്ടന്നൂര്‍, ടൗണ്‍, മരുതായി, മേറ്റടി, മിനിനഗര്‍, പാലോട്ടുപള്ളി എന്നിവിടങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്.
കഴിഞ്ഞ തവണ എല്‍ഡിഎഫിന് 28 സീറ്റും യുഡിഎഫിന് ഏഴും സീറ്റുകളാണ് ഉണ്ടായിരുന്നത്.
1997ല്‍ നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള അഞ്ച് തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരുന്നത്. നിലവിലെ നഗരസഭ കൗണ്‍സിലിന്റെ കാലാവധി സെപ്തംബര്‍ 10ന് അവസാനിക്കും. പുതിയ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ 11ന് നടക്കും.