കേരള നിയമസഭയുടെ 24ാ-മത് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ.എൻ ഷംസീറിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും.താരതമ്യേന ചെറിയ പ്രായത്തിൽ സഭാധ്യക്ഷ സ്ഥാനത്ത് വന്ന നിരവധി പേരുണ്ട്. ആ നിലയിലാണ് ഷംസീറിന്റെ സ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മികവാർന്ന ആ പാരമ്പര്യത്തെ കൂടുതൽ ശക്തവും ചൈതന്യവത്തായി മുന്നോട്ട് കൊണ്ടുപോകുന്നതിന് കഴിയുമെന്നതിൽ സംശയമില്ല. ഇതിലും കുറഞ്ഞ പ്രായത്തിൽ അധ്യക്ഷസ്ഥാനത്ത് വന്ന സി.എച്ച് മുഹമ്മദ് കോയയെ പോലുള്ളവരുടെ കാര്യം മറക്കുന്നില്ല. അത്രത്തോളം എളുപ്പമില്ലെങ്കിലും പ്രായത്തെ കടന്ന് നിൽക്കുന്ന പരിജ്ഞാനവും പക്വതയുമുണ്ട്. അത് ഈ സഭയുടെ നടത്തിപ്പിന് മുതൽക്കൂട്ടാവുമെന്ന് സംശയമില്ല’. മുഖ്യമന്ത്രി ആശംസ പ്രസംഗത്തിൽ പറഞ്ഞു.
‘നിയമസഭയിലെ 31 അംഗങ്ങൾ 27 നും 48 നും ഇടയിൽ പ്രായമുള്ളവരാണ്. സഭയ്ക്ക് യുവത്വമുണ്ട് ആ പ്രായത്തിലുള്ള ഒരാൾ സ്പീക്കറാകുമ്പോൾ സഭയുടെ സമസ്ത പ്രവർത്തന മണ്ഡലങ്ങളിലും സവിശേഷമായ പ്രസരിപ്പ് പടരുമെന്നും അദ്ദേഹം പറഞ്ഞു. മുൻ സ്പീക്കറായ എം.ബി രാജേഷ് വഹിച്ച മാതൃകാപരമായ നേതൃത്വത്തെ അഭിനന്ദിക്കുന്നതിനോടൊപ്പം അതേ വഴിയിലൂടെ തന്നെ സഞ്ചരിക്കുമെന്ന പ്രത്യാശ പങ്കുവെക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ചരിത്രത്തിലേക്കാണ് എ.എൻ ഷംസീർ നടന്നു കയറിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ‘പാരമ്പര്യത്തെ ഉയർത്തി പിടിക്കുകയെന്ന ചരിത്ര പരമായ ചുമതലയാണ്. സ്പീക്കർ റഫറി ആകണമെന്ന് അഭിപ്രായമില്ല. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ അങ്ങ് മുൻപന്തിയിൽ നിൽക്കുമെന്ന വിശ്വാസം ഉണ്ട്’. എം.ബി രാജേഷ് നടത്തിയത് മികച്ച പ്രവർത്തനമാണെന്നും സതീശൻ ആശംസ പ്രസംഗത്തിൽ പറഞ്ഞു.
എം ബി രാജേഷ് സ്പീക്കർ സ്ഥാനം രാജിവച്ച് മന്ത്രിയായ ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് സ്ഥാനാർഥിയായ എ.എൻ ഷംസീറിന് 96 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയായ അൻവർ സാദത്തിന് 40 വോട്ടാണ് ലഭിച്ചത്.