കണ്ണൂര്‍ എ സി പിയായ പി പി സദാനന്ദന് അന്വേഷണ മികവിനുള്ള അംഗീകാരം. ക്രൈംബ്രാഞ്ച് എസ് പിയായി തിരുവനന്തപുരത്താണ് പി പി സദാനന്ദനെ ആഭ്യന്തരവകുപ്പ് നിയോഗിച്ചത്. നിരവധി പ്രമാദമായ കേസുകള്‍ ശാസ്ത്രീയ അന്വേഷണമികവിലൂടെ തെളിയിച്ച പി പി സദാനന്ദന് കേരള പൊലീസ് സേനയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരിലൊരാളായാണ് സേനയില്‍ അറിയപ്പെടുന്നത്.
അടുത്തകാലത്ത് കേരളത്തെ ഞെട്ടിച്ച കോടികളുടെ മയക്കുമരുന്ന് കേസിൽ നൈജീരിയൻ സ്വദേശിനിയുൾപ്പെടെയുള്ളവരെ പിടികൂടാൻ അദ്ദേഹം നേതൃത്വം നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞു, ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് തുടങ്ങി ഒട്ടേറെ കേസുകള്‍ ഇദ്ദേഹത്തിന്റെ അന്വേഷണമികവില്‍ തെളിഞ്ഞിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെ വെളിച്ചത്തില്‍ കുറ്റവാളിയിലെത്തുകയെന്ന രീതിയാണ് സദാനന്ദന് അവലംബിച്ചിരുന്നത്.ജിഷ വധക്കേസിലെ പ്രത്യേക അനേഷണ സംഘത്തിലുൾപ്പെടെ നിരവധി പ്രമാധമായ കേസുകൾ തെളിയിക്കുന്നതിലും കേരള പൊലീസിലെ ഈ മികച്ച ഉദ്ദോഗസ്ഥൻ കഴിവ് തെളിയിച്ചിട്ടുണ്ട്.
കണ്ണൂർ ടൗൺ പോലീസിന് കീഴിൽ 2017 മുതൽ ആരംഭിച്ച “അക്ഷയ പാത്രം” എന്ന പദ്ധതിയുടെ ബുദ്ധികേന്ദ്രം ഇദ്ദേഹമാണ്. വടകരയിലും കാസർഗോഡും ഈ പദ്ധതി വളരെ വിജയകരമായി പ്രവർത്തിപ്പിക്കാൻ അദ്ധേഹത്തിന് സാധിച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെ കണ്ണൂർ നഗരത്തെ വിശപ്പുരഹിത കേന്ദ്രമാക്കാൻ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ,കേരള പൊലീസിന്റെ ബെസ്റ്റ് ഇൻവെസ്റ്റിഗേഷൻ ഓഫീസർക്കുള്ള ഡിറ്റക്ടീവ് എക്സലൻസി അവാർഡ് ഏഴുതവണ കരസ്ഥമാക്കുകയും ഡിജിപി അടക്കമുള്ളവരിൽ നിന്ന് 150 ലധികം തവണ ഗുഡ്സർവീസ് എൻട്രി നേടുകയും ചെയ്തിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ ചെങ്ങളായിയില്‍ ജനിച്ചുവളര്‍ന്ന പി പി സദാനന്ദന് തോട്ടട എസ് എന്‍ കോളജില്‍ നിന്നാണ് പി ജി കഴിഞ്ഞു പുറത്തിറങ്ങിയത്. 2020 ല്‍ പി പി സദാനന്ദന് എസ് പിയായി നിയമനം നല്‍കുന്നത് ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും തലശേരിയിലെ ഫസല്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈകോടതിയുടെ പ്രതികൂല പരാമര്‍ശം തിരിച്ചടിയാവുകയായിരുന്നു.