നാല് വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ കരിമ്പ പനയമ്പാടത്തെ ലോറി അപകടത്തിൽ പിഴവ് സമ്മതിച്ച് ഡ്രൈവർ.ലോറി അമിത വേഗതയിൽ ഓവർടേക്ക് ചെയ്തപ്പോഴാണ് അപകടം നടന്നത് എന്ന് ലോറിയുടെ ഡ്രൈവർ പ്രജീഷ് ജോൺ സമ്മതിച്ചു. ഈ ലോറി ഇടിച്ച് നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് സിമൻ്റ് ലോറി മറിഞ്ഞതെന്ന് ഡ്രൈവർ സമ്മതിച്ചു. അപകടത്തിന്റെ CCTV ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു. നരഹത്യ കുറ്റം ചുമത്തിയ പ്രജീഷ് ജോണിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.അതേസമയം, പനയമ്പാടത്തെ അപകടത്തിൽ പാലക്കാട് കളക്ടറേറ്റിൽ യോഗം തുടങ്ങി. മന്ത്രി കെ കൃഷ്ണൻകുട്ടി, കെ ശാന്തകുമാരി എംഎൽഎ, ജില്ലാ കളക്ടർ എസ് ചിത്ര എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഉദ്യോഗസ്ഥ തലയോഗമാണ് ആദ്യം നടക്കുക. തുടർച്ചയായി അപകടങ്ങൾ നടക്കുന്ന പനയമ്പാടത്തെ റോഡിന്‍റെ അപാകത പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് റോഡിന് മാറ്റം വരുത്താനുള്ള നടപടിയെടുക്കും. ബ്ലൈൻഡ് സ്പോട്ടുകൾ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.ലോറി അപകടം നടന്ന സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടക്കുകയാണ്.അപകടത്തില്‍പ്പെട്ട വാഹനത്തിലുള്ള ലോഡിന്‍റെ ഭാരം കൃത്യമായിരുന്നുവെന്നും ഹൈഡ്രോ പ്ലെയിനിങിന് സാധ്യത കൂടുതലുള്ള സ്ഥലമാണിതെന്നുമാണ് ആര്‍ടിഒ പറയുന്നത്.