ആലുവ: തെങ്ങിലെ പൊത്തിൽ നിന്നും തത്തയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഏഴാം ക്ലാസ് വിദ്യാർത്ഥി വീണു മരിച്ചു. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെന്റിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി വെളിയത്തുനാട് സ്വദേശി മുഹമ്മദ് സിനാനാണ് മരിച്ചത്. ഉണങ്ങിയ തെങ്ങിലെ പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുകയായിരുന്നു സിനാനും കൂട്ടുകാരും. മുകൾഭാഗം ഉണങ്ങി നിന്നിരുന്ന തെങ്ങ് സിനാനും മറ്റ് നാല് കൂട്ടുകാരും ചേർന്ന് വെട്ടിമറിക്കുന്നതിനിടെ സിനാന്റെ ദേഹത്തേക്ക് തെങ്ങ് മറിയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വയലക്കാട് വീട്ടിൽ സുധിറിന്റെയും സബിയയുടെയും മകനാണ് മുഹമ്മദ് സിനാൻ. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

