കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആദ്യ 6 പ്രതികൾ കുറ്റക്കാർ എന്ന് കോടതി. നടൻ
ദിലീപിനെ വെറുതെ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. നടൻ
ദിലീപ് അടക്കമുള്ള 10 പ്രതികളും കോടതിയിൽ എത്തിയിട്ടുണ്ട്. പൾസർ സുനി (സുനിൽ കുമാർ) ആണ് ഒന്നാം പ്രതി. ദിലീപ് എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരി 17ന് കൊച്ചിയിൽ വാഹനത്തിൽ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചു എന്നാണു കേസ്. കോവിഡ് ലോക്ഡൗണിനു പുറമേ, പ്രതികളിലൊരാളായ നടൻ ദിലീപും പ്രോസിക്യൂഷനും അതിജീവിതയും പലതവണ മേൽക്കോടതികളിൽ നൽകിയ ഉപഹർജികളും അപ്പീലും വിചാരണ നീണ്ടുപോകാൻ കാരണമായി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മാസങ്ങളോളം വിചാരണ നിർത്തിവച്ചാണു തുടരന്വേഷണം നടത്തിയത്.
261 സാക്ഷികൾ; 833 രേഖകൾപ്രമുഖ നടീനടന്മാരും സംവിധായകരും ഉൾപ്പെടെ 261 സാക്ഷികളെ വിസ്തരിക്കാൻ മാത്രം 438 ദിവസം വേണ്ടിവന്നു. ഇതിൽ സിനിമക്കാരും നടൻ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 28 പേർ മൊഴിമാറ്റി. മൊഴികളിൽ വ്യക്തത വരുത്താനുള്ള തുടർവാദങ്ങൾക്കും നടപടിക്രമങ്ങൾക്കും വേണ്ടി 294 ദിവസം കൂടി കോടതിക്കു വേണ്ടിവന്നു. ഫൊറൻസിക് റിപ്പോർട്ടുകൾ അടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയ 833 രേഖകളും സൂക്ഷ്മമായി പരിശോധിച്ചാണു പ്രതിഭാഗത്തിന്റെ വാദങ്ങളും രേഖപ്പെടുത്തിയത്.
ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 2017 ഫെബ്രുവരി 17ന് കൊച്ചിയിൽ വാഹനത്തിൽ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചു എന്നാണു കേസ്. എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം (വടിവാൾ സലീം), പ്രദീപ്, ചാർലി തോമസ്, പി.ഗോപാലകൃഷ്ണൻ (ദിലീപ്), സനിൽകുമാർ (മേസ്തിരി സനിൽ), ജി.ശരത്ത് എന്നിവരാണ് 1 മുതൽ 10 വരെ പ്രതികൾ. വിധി പറയുമ്പേൾ പ്രതികളും കോടതിയിൽ ഹാജാരാകേണ്ടതുണ്ട്.

