ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്നും പുറപ്പെട്ട വിമാനത്തിന്റെ ടയറിൽ കയറിയിരുന്ന് യാത്ര ചെയ്ത് ഇന്ത്യയിലെത്തിയ പതിമൂന്നുകാരന്റെ വാർത്തകൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ആ ബാലന്റെ സങ്കടകഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. അനധികൃതമായി കുടിയേറിയതിനെ തുടർന്ന് ഇറാനിൽ നിന്നും നാടുകടത്തപ്പെട്ട ഈ കുട്ടി വീണ്ടും ഇറാനിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് വഴിതെറ്റി ഇന്ത്യയിലെത്തിയത്. ഇറാനിലേക്കുള്ള ഫ്ളെറ്റെന്ന് തെറ്റിദ്ധരിച്ച് കെ.എ.എം എയർ സർവീസ് നടത്തുന്ന ആർക്യു4401ന്റെ എയർബസിന്റെ ലാൻഡിങ് ഗിയർ കാബനിലേക്ക് കുട്ടി കയറിക്കൂടിയത്. അതിസാഹസികയാത്രയ്ക്ക് അഫ്ഗാൻ ബാലനെ പ്രേരിപ്പിച്ചത് ദുരിതജീവിതമാണെന്നാണ് പുറത്തുവരുന്ന വിവരം.
വടക്കൻ അഫ്ഗാനിസ്ഥാനിലെ കുന്ദസ് പ്രവശ്യയിലുള്ള കുട്ടിയുടെ പിതാവ് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു. പിതാവ് നഷ്ടപ്പെട്ടതിന് ശേഷം രണ്ടാനച്ഛനോടൊപ്പമായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. മറ്റ് സഹോദരങ്ങളും ഉണ്ടായിരുന്നു. പക്ഷേ, ആരിൽ നിന്നും ശ്രദ്ധ ലഭിച്ചില്ല. അതിനായി ഏറെ കഷ്ടപ്പെട്ട് ഇറാനിലെത്തി. പക്ഷെ അവിടെ അധികനാൾ തുടരാനായില്ല. നിയമാനുസൃതമല്ലാതെ എത്തിയതിനാൽ നാടുകടത്തപ്പെട്ടു. വീണ്ടും അവിടെ എത്താനായി എയർപോർട്ടിലെത്തിയ കുട്ടി സുരക്ഷാ ഉദ്യോഗസ്ഥരുടെയെല്ലാം കണ്ണുവെട്ടിച്ചാണ് വിമാനത്തിന്റെ ടയറിൽ കയറിക്കൂടിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴും ആദ്യം ബാലനെ കാണാനായില്ല. എന്നാൽ സൂക്ഷ്മമായി പരിശോധനയിൽ പാത്തും പതുങ്ങിയും നീങ്ങുന്ന കുട്ടിയെ സിസിടിവിയിൽ അവർക്ക് കണ്ടെത്താനായി. ഇന്ത്യയിൽ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം കുട്ടിയെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞു.

