കേരളത്തിൽ എയിംസ് അടുത്ത സാമ്പത്തിക വർഷം?; സൂചന നൽകി കേന്ദ്രം

  • Home-FINAL
  • Business & Strategy
  • കേരളത്തിൽ എയിംസ് അടുത്ത സാമ്പത്തിക വർഷം?; സൂചന നൽകി കേന്ദ്രം

കേരളത്തിൽ എയിംസ് അടുത്ത സാമ്പത്തിക വർഷം?; സൂചന നൽകി കേന്ദ്രം


തിരുവനന്തപുരം∙ കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനുള്ള ശുപാർശ അടുത്ത സാമ്പത്തിക വർഷത്തിൽ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയിൽ (പിഎംഎസ്എസ്‌വൈ) ഉൾപ്പെടുത്തുമെന്ന്‌ സൂചന. കേരളത്തിലെ എയിംസിന് തത്വത്തിൽ അംഗീകാരം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം, ധനമന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് 2026-27 സാമ്പത്തിക വർഷത്തെ പിഎംഎസ്എസ്‌വൈയിൽ പദ്ധതി നിർദേശം മുന്നോട്ടുവയ്ക്കാൻ ധനമന്ത്രാലയം ആവശ്യപ്പെട്ടതെന്ന് വിവരവാവകാശ മറുപടിയിൽ ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിലെ എയിംസ് സംബന്ധിച്ച് ഒരു ബജറ്റിലും പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എയിംസ് അനുവദിക്കുന്നതു സംബന്ധിച്ച് ബിജെപിയും മറ്റു മുന്നണികളും തമ്മിൽ വാക്‌പോര് തുടരുമ്പോഴാണ് അടുത്ത സാമ്പത്തിക വർഷം പദ്ധതി പരിഗണിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നത്. പിഎംഎസ്എസ്‌വൈ പ്രകാരം രാജ്യത്ത് ഇതുവരെ 22 എയിംസുകളാണ് ആരംഭിച്ചിരിക്കുന്നത്.

എയിംസിന് അനുയോജ്യമായ മൂന്നു സ്ഥലങ്ങൾ നിർദേശിക്കാൻ 2014 ജൂണിലാണു കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ കിനാലൂർ കാന്തലാട് സ്ഥിതിചെയ്യുന്ന വില്ലേജുകളിലായി 154.43 ഏക്കർ, കോട്ടയം ജില്ലയിലെ ആർപ്പൂക്കര, അതിരമ്പുഴ ബ്ലോക്കുകളിലായി 194.85 ഏക്കർ, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ കളളിക്കാട് വില്ലേജിൽ നെട്ടുകാൽത്തേരി തുറന്ന ജയിലിനു സമീപത്തായി 263.45 ഏക്കർ, എറണാകുളം ജില്ലയിലെ തൃക്കാക്കര നോർത്ത് വില്ലേജിലെ 123.5 ഏക്കർ എന്നിവയാണ് യോജിച്ച സ്ഥലങ്ങളെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

English Summary:

Leave A Comment