ന്യൂഡൽഹി: ഭീകരാക്രമണ സാദ്ധ്യത മുന്നിൽ കണ്ട് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി അതീവ ജാഗ്രതാ നിർദേശം നൽകി. 2025 സെപ്തംബർ 22നും ഒക്ടോബർ രണ്ടിനും ഇടയിൽ ഭീകരവാദികളിൽ നിന്നോ സാമൂഹ്യ വിരുദ്ധരായ ആളുകളിൽ നിന്നോ ആക്രമണം ഉണ്ടാകാൻ ഇടയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്നാണിത്.
വിമാനത്താവളങ്ങൾ, എയർസ്ട്രിപ്പുകൾ, ഹെലിപ്പാഡുകൾ, ഫ്‌ളൈയിംഗ് സ്‌കൂളുകൾ, പരിശീലന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും അടിയന്തരമായി നിരീക്ഷണം ശക്തമാക്കാൻ നിർദേശമുണ്ട്. ആഗസ്റ്റ് നാലിനാണ് ഇത് സംബന്ധിച്ച അറിയിപ്പ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) പുറത്തിറക്കിയത്. പാകിസ്ഥാനിലെ ഭീകര സംഘടനകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ലഭിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിസിഎസിന്റെ നിർദേശമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിന് പുറമേ, പ്രാദേശിക പൊലീസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, ഇന്റലിജൻസ് ബ്യൂറോ, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവരുമായി അടുത്ത ബന്ധം പുലർത്തണമെന്നും നിർദ്ദേശം പറയുന്നു. ഏതെങ്കിലും തരത്തിലുള്ള സുപ്രധാന വിവരങ്ങളോ ജാഗ്രതാ നിർദേശങ്ങളോ ലഭിച്ചാൽ അത് ബന്ധപ്പെട്ട എല്ലാവരുമായി ഉടനടി പങ്കുവയ്ക്കണമെന്നും നിർദേശത്തിൽ പറയുന്നു.

