റാഞ്ചിയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസ് തകർന്ന് ഏഴുപേർ മരിച്ചു

  • Home-FINAL
  • India
  • റാഞ്ചിയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസ് തകർന്ന് ഏഴുപേർ മരിച്ചു

റാഞ്ചിയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസ് തകർന്ന് ഏഴുപേർ മരിച്ചു


റാഞ്ചി: റാഞ്ചിയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസ് ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ തകർന്നുവീണുണ്ടായ അപകടത്തിൽ എയർ ആംബുലൻസിലുണ്ടായിരുന്ന ഏഴുപേരും മരിച്ചതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. രോഗിയായ സഞ്ജയ് കുമാർ, ഡോക്ടർ വികാസ് കുമാർ ഗുപ്ത, പാരാമെഡിക് സച്ചിൻ കുമാർ മിശ്ര, സഹായികളായ അർച്ചന ദേവി, ധുരു കുമാർ, പൈലറ്റുമാരായ ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, സവരാജ്ദീപ് സിംഗ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.

41-കാരനായ സഞ്ജയ് കുമാറിന് പൊള്ളലേറ്റതിനെത്തുടർന്ന് ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോകവേയാണ് ദാരുണ സംഭവം. റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള മെഡിക്കൽ എമർജൻസി ഫ്ലൈറ്റായിരുന്നു വിമാനം. റാഞ്ചിയിൽ നിന്ന് രാത്രി 07:11-ന് വിമാനം പറന്നുയർന്നു. ചത്ര ജില്ലയിലെ സിമരിയക്ക് സമീപമുള്ള കസാരിയ പഞ്ചായത്തിലാണ് വിമാനം തകർന്നു വീണതെന്ന് അധികൃതർ അറിയിച്ചു.

കൊൽക്കത്തയുമായി റഡാർ ബന്ധം സ്ഥാപിച്ചശേഷം മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം വഴിതിരിച്ചുവിടാൻ ആവശ്യപ്പെട്ടിരുന്നു. 07:34-ഓടെ വാരാണസിയിൽനിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായി കൊൽക്കത്തയുമായുള്ള ആശയവിനിമയവും റഡാർ ബന്ധവും നഷ്ടപ്പെട്ടു. രാത്രി 10 മണിക്ക് ഡൽഹിയിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) സംഘം സ്ഥലത്തേക്ക് തിരിച്ചു.

Leave A Comment