കൊച്ചി:മോട്ടോർ വാഹന വകുപ്പ് നടത്തി യ പരിശോധനയിൽ പിടിച്ചെടുത്ത എയർഹോണുകൾ റോഡ് റോളർ കയറ്റി നശിപ്പിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം കമ്മട്ടിപ്പാടത്തെ ആളൊഴിഞ്ഞ റോഡിൽ വെച്ചാണ് ഹോണുകൾ റോഡ് റോളർ ഉപ യോഗിച്ച് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ എയർ ഹോൺ പിടിച്ചെടുത്ത് നശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റെയ്ഡുണ്ടായത്.എത്ര ഹോണുകൾ നശിപ്പിച്ചെന്നുള്ള വിവരം പിന്നാലെ അറി യിക്കുമെന്ന് എംവിഡി ഉദ്യോഗസ്ഥർ അറിയിച്ചു.
ഒക്ടോബർ 13 മുതൽ 19 വരെയായിരുന്നു വാഹനങ്ങളിലെ എയർ ഹോൺ കണ്ടെത്തു ന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. നടപടി പൂർത്തിയായതിന് പിന്നാലെയാണ് ഇന്ന് പിടിച്ചെടുത്ത ഹോണുകൾ റോഡ് റോളർ കയറ്റി നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിനിടെ അമിതവേഗത്തിലും ഹോണടിച്ചും പാഞ്ഞ ബസുകൾക്കെതിരേ മന്ത്രി ഉടനടി നടപടി എടുത്തിരുന്നു. എന്നാൽ എയർ ഹോൺ പിടിച്ചെടുക്കാനും പിഴയീടാക്കാനും അധികാരമുണ്ടെങ്കിലും റോഡ് റോളർ കയറ്റി നശിപ്പിക്കുന്നത് ഉത്തരേന്ത്യയിലെ ബുൾഡോസർ രാജിന് തുല്യമാണെന്ന വിമർശനമുയർന്നിട്ടുണ്ട്.

