കൊച്ചി: എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്ത അജിൻ ഏലിയാസും ആവണി കൃഷ്ണയും ആശുപത്രി വിട്ടു. 17 ദിവസമായി ഇരുവരും ആശുപത്രിയിലായിരുന്നു. ഹൃദയം ദാനം ചെയ്ത കുടുംബാംഗങ്ങൾക്കും ചിത്സിച്ച ഡോക്ടർമാർക്കും എല്ലാവർക്കും നന്ദിയെന്ന് അജിനും ആവണിയും പ്രതികരിച്ചു. അങ്കമാലി സ്വദേശി 28 കാരൻ അജിനും കൊല്ലം സ്വദേശി 13 കാരി ആവണിയും ആശുപത്രി വിടുമ്പോൾ ഇരുവർക്കും കൂട്ടിനുള്ളത് പുതിയ ലോകമാണ്.
മസ്തിഷ്ക മരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി ഐസക്ക് ജോർജിന്റെ ഹൃദയമാണ് അജിനിൽ മിടിക്കുന്നത്. അങ്കമാലി സ്വദേശി 18 കാരൻ ബിൽജിത്തിൻറെ ഹൃദയമാണ് ആവണിയിൽ സ്പന്ദിക്കുന്നത്. കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടാണ് അജിനും ആവണിയും കുടുംബാംഗങ്ങൾക്കൊപ്പം ആശുപത്രി വിട്ടത്. ലിസി ആശുപത്രിയിൽ ഇതുവരെ നടന്നത് 30 ഹൃദയമാറ്റ ശസ്ത്രക്രിയകളാണ്.

