അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ആക്സിയം 4 ദൗത്യസംഘം. സംഘം ബഹിരാകാശ നിലയത്തിൽ എത്തിയിട്ട് 10 ദിവസം പിന്നിട്ടു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പരീക്ഷണങ്ങൾ തുടരുകയാണ് സംഘം.ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള യാത്രികർ 60 പരീക്ഷണങ്ങളാണ് നടത്തുക. കേരളത്തിന് അഭിമാനമായി വെള്ളായണി കാർഷിക സർവകലാശാല മുന്നോട്ടുവെച്ച തനത് നെൽവിത്തുകളുടെ ജൈവ പരീക്ഷണവും ഇതിൽ ഉൾപ്പെടുന്നു. മൈക്രോ ആൽഗഗൾ ഉപയോഗിച്ച് ഭക്ഷണം വളർത്തൽ, സയനോ ബാക്ടീരിയയിൽ നിന്നുള്ള ഓക്സിജൻ, ബഹിരാകാശത്ത് പേശികളുടെ ശേഷി വർധിപ്പിക്കാനുള്ള പരീക്ഷണങ്ങൾ, സസ്യങ്ങളുടെ അതിജീവനം, യാത്രികരുടെ ആരോഗ്യ സംരക്ഷണം തുടങ്ങി മനുഷ്യായുസ്സ് വർധിപ്പിക്കാനുള്ള സുപ്രധാന പരീക്ഷണങ്ങളും ദൗത്യത്തിന്റെ ഭാഗമാണ്.ഐഎസ്എസ് എന്ന ബഹിരാകാശ നിലയം ഈ നൂറ്റാണ്ട് കണ്ട എറ്റവും വിസ്മയിപ്പിക്കുന്ന മനുഷ്ന്റെ കണ്ടെത്തലാണ്. 9 യാത്രികർക്ക് 6 മാസക്കാലം ഒരു ബുദ്ധിമുട്ടും കൂടാതെ കഴിഞ്ഞുകൂടാനുള്ള സൗകര്യമുണ്ട് ഈ നിലയത്തിൽ. ആക്സിയം 4 ദൗത്യ സംഘത്തലവയായ പെഗ്ഗി വിൻസ്റ്റൺ 5 തവണത്തെ യാത്രകളിലായി ഐഎസ്എസ്സിൽ ഇതിനകം തങ്ങിയത് 675 ദിവസമാണ്. ഐഎസ്ആര്‍ഒയുടെ പിന്തുണയോടെയാണ് ആക്‌സിയം സ്‌പേസിന്റെ നാലാം ദൗത്യ വിക്ഷേപണത്തില്‍ ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്.

