ബഹ്റൈൻ എ.കെ.സി. സി ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു. കാനൂ ഗാർഡനിൽ വച്ച് സംഘടിപ്പിച്ച ഗാന്ധി സ്മരണയിൽ, ഗ്ലോബൽ സെക്രട്ടറിയും ബഹ്റൈൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു.നമ്മുടെ സാമൂഹ്യ അന്തരീക്ഷം വർഗീയതയുടെ നിഴൽ യുദ്ധങ്ങളാൽ സജീവമായ ഈ കാലത്ത് ഗാന്ധിക്കും ഗാന്ധിജയന്തിക്കും വളരെ പ്രസക്തിയുണ്ടെന്ന് ചാൾസ് ആലുക്ക പറഞ്ഞു.
ഗാന്ധിജി ജന്മം കൊണ്ടല്ല ജീവിതം കൊണ്ട് മഹാപ്രസ്ഥാനമായി മാറിയ മനുഷ്യനാണെന്ന് ജീവൻ ചാക്കോ അഭിപ്രായപ്പെട്ടു.അഹിംസയുടെ ക്യാൻവാസിൽ എളിമ കൊണ്ട് ജനാധിപത്യത്തെയും മതേതരത്വത്തെയും ഭാരതമക്കൾക്ക് സമ്മാനിച്ച മഹാ മനുഷ്യനെ പുതിയ തലമുറയ്ക്ക്, പരിചയപ്പെടുത്തേണ്ടത് വളരെ ഗൗരവതരമായ കടമയാണെന്ന് വൈസ് പ്രസിഡണ്ട് പോളി വിധത്തിൽ അഭിപ്രായപ്പെട്ടു.
നഷ്ട മൂല്യങ്ങളെ തിരികെ പിടിക്കാനുള്ള ക്ഷണമാണ് ഈ ഗാന്ധിജയന്തി നമ്മളോട് പറയുന്നതെന്ന് ജിബി അലക്സ് പറഞ്ഞു.രാസലഹരി കൺവീനർ ജെൻസൻ ദേവസി അംഗങ്ങൾക്ക് രാസലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഭാരവാഹികളായ ജസ്റ്റിൻ ജോർജ്, ജോജി കുര്യൻ, സിനിമ ക്ലബ് ഭാരവാഹികളായ സ്റ്റാൻലി തോമസ്, വിനോദ് ആറ്റിങ്ങൽ, ഐസക്ക് രാജു, ബൈജു, റിഫാ ഏരിയ കമ്മിറ്റി ഭാരവാഹികളായ ജെയിംസ് ജോസഫ്, ബൈജു, ബോബൻ, എന്നിവർ സംസാരിച്ചു.ലേഡീസ് വിങ് ഭാരവാഹികളായ ജെസ്സി ജെൻസൻ സ്വാഗതവും, റിൻസി ഐസക്ക് നന്ദിയും പറഞ്ഞു.

