കുണ്ടറയിൽ പോലീസ് മർദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന് ആരോപണം

  • Home-FINAL
  • India
  • കുണ്ടറയിൽ പോലീസ് മർദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന് ആരോപണം

കുണ്ടറയിൽ പോലീസ് മർദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന് ആരോപണം


കൊല്ലം: കുണ്ടറയിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് പിന്നീട് ആശുപത്രിയിൽ മരിച്ചത് പോലീസിന്റെ മർദനത്തെ തുടർന്നാണെന്ന് ആരോപണം. സിയാദ് എന്ന യുവാവാണ് മരിച്ചത്. വിദ്യാർഥിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് ജൂൺ 16-നാണ് സിയാദിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി പോലീസ് ക്രൂരമായി മർദിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. മർദനത്തിൽ സിയാദിന്റെ വാരിയെല്ലിന് ഉൾപ്പെടെ പൊട്ടലുണ്ടായി. പരിക്ക് ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സിയാദിനെ മാറ്റി. അവിടെവെച്ചാണ് കഴിഞ്ഞദിവസം സിയാദ് മരണത്തിന് കീഴടങ്ങിയത്. പിന്നാലെയാണ് പോലീസിനെതിരെ കുടുംബം ആരോപണമുന്നയിച്ചത്.

ആരോപണവിധേയനായ ശ്രീജിത്ത് എന്ന സിപിഒയെ സിയാദിന്റെ മകൾ വിളിച്ച് സംസാരിക്കുന്ന ശബ്ദരേഖ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ‘അന്ന് സാറന്മാരോട് എല്ലാവരോടും ഞാൻ പറഞ്ഞതല്ലേ പപ്പായ്ക്ക് വയ്യാത്തതാണെന്ന്. സാറ് അവിടെയിട്ട് ഇടിച്ചെന്ന് അന്നേ പപ്പ പറഞ്ഞിരുന്നു. സാറാണ് ഇടിച്ചതെന്നും പറഞ്ഞു. ഇപ്പൊ എന്റെ പപ്പ പോയി. ആശുപത്രിയിൽ പോയപ്പോ ആരാ ഇടിച്ചതെന്ന് ചോദിച്ചു. നട്ടെല്ല് മൊത്തം പഴുത്തിരിക്കുകയായിരുന്നു. ഇപ്പൊ പോയി. അന്ന് സാറിനോട് ഞാൻ നൂറുവട്ടം പറഞ്ഞതാ വയ്യാത്ത ആളാണെന്ന്…’ -ഇതാണ് സിയാദിന്റെ മകൾ കരഞ്ഞുകൊണ്ട് പോലീസുകാരനോട് പറയുന്നത്. അതേസമയം സിയാദിന്റെ മരണത്തിൽ ഡിവൈഎഫ്‌ഐ കുണ്ടറ പോലീസ് സ്‌റ്റേഷൻ ഉപരോധിച്ചു.

Leave A Comment