ആലപ്പുഴ: 2006-നും 2025-നുമിടയിൽ ചേർത്തലയിൽ നിന്ന് കാണാതായ മധ്യവയസ്‌കരായ നാല് സ്ത്രീകളിൽ മൂന്നുപേരെയും കാണാതായതിന് പിന്നിൽ സെബാസ്റ്റ്യൻ (68) ആണെന്ന സംശയം ശക്തമാകുന്നു. സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെത്തിച്ച് തിങ്കളാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. വീട്ടുവളപ്പിൽനിന്നും വീട്ടുപറമ്പിലെ കുളങ്ങളിൽനിന്നും തെളിവുകളും അസ്ഥിഭാഗങ്ങളും ലഭിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റാണ് പരിശോധന നടത്തുന്നത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സെബാസ്റ്റ്യൻ പറഞ്ഞയിടങ്ങളിലും കെഡാവർ നായകൾ നൽകുന്ന സൂചനകളനുസരിച്ചുമാണ് പരിശോധന. നിലവിൽ ജെയ്നമ്മയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് സെബാസ്റ്റ്യൻ അന്വേഷണ സംഘത്തോട് സമ്മതിച്ചിരിക്കുന്നതെങ്കിലും മറ്റു ചില കേസുകളിലേയ്ക്കുകൂടി വെളിച്ചംവീശുന്നതാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന തെളിവുകൾ എന്നാണ് സൂചന.
ചേർത്തല സ്വദേശികളായ ബിന്ദു പത്മനാഭൻ, ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്നമ്മ എന്നിവരെ സെബാസ്റ്റ്യൻ കൊലപ്പെടുത്തി എന്നാണ് കരുതുന്നത്. തെളിവുകൾ ബാക്കിവെക്കാതെ അതിവിദഗ്ധമായി സ്ത്രീകളെ കൊലപ്പെടുത്തുകയും സ്വത്ത് തട്ടിയെടുക്കുകയുമായിരുന്നു സെബാസ്റ്റ്യൻ എന്നാണ് കരുതുന്നത്. കൂടുതൽ സ്ത്രീകൾ ഇയാളുടെ ഇരകളായിട്ടുണ്ടോ എന്നും ഇപ്പോൾ പോലീസ് സംശയിക്കുന്നുണ്ട്.
2024 ഡിസംബറിൽ കാണാതായ ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മയ്ക്കായുള്ള അന്വഷണമാണ് സെബാസ്റ്റ്യനിൽ എത്തിയത്. ഇവരുമായി സെബാസ്റ്റ്യന് ബന്ധമുണ്ട് എന്നതിന്റെ പശ്ചാത്തലത്തിൽ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ജയ്നമ്മ കൊല്ലപ്പെട്ടതായുള്ള സൂചനകൾ പോലീസിന് ലഭിക്കുന്നത്. തുടർന്ന് പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ ചെങ്ങുംതറ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഇവിടെനിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ഇതിന് പിന്നാലെയാണ് മറ്റു തിരോധാനക്കേസുകളും അന്വേഷിക്കുന്നത്.

