ബഹ്റൈൻ തദ്ദേശീയമായി നിർമിച്ച ആദ്യ ഉപഗ്രഹമായ അൽ മുൻദിർ വിക്ഷേപണം വിജയകരമായതിൽ ബഹ്റൈന്‍ അഭിനന്ദന പ്രവാഹം.ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ ആല് ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സല്മാൻ ബിൻ ഹമദ് ആല് ഖലീഫ, മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥർ എന്നിവർ രാജ്യത്തിൻ്റെ നേട്ടത്തില്‍ അഭിമാനം പ്രകടിപ്പിക്കുകയും ഇതിനു പിന്നില്‍ പ്രവർത്തിച്ചവരെ പ്രശംസിക്കുകയും ചെയ്തു .ശൈഖ് നാസർ ബിൻ ഹമദ് ആല് ഖലീഫയുടെ മേല്‍ നോട്ടത്തിലായിരുന്നു വിക്ഷേപണം നടത്തിയത്. ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയ ഉപഗ്രഹം ആദ്യ സിഗ്നലും ഭൂമിയിലേക്കയച്ചു. ട്രാൻസ് പോർട്ടർ 13ന്റെ ഭാഗമായ ഉപഗ്രഹം ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 9.39ന് കാലിഫോർണിയയിലെ അമേരിക്കൻ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസില്‍നിന്നാണ് വിക്ഷേപിച്ചത്. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ -9 റോക്കറ്റാണ് അല്‍ മുൻദിറിനെ വഹിച്ച് ചരിത്രത്തിലേക്ക് കുതിച്ചുയർന്നത്.രാജ്യത്തെ കാലാസ്ഥ, പരിസ്ഥിതി, കര, കടല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഡേറ്റകളും വിശകലനം ചെയ്യാൻ നിർമിതബുദ്ധിയുടെ സഹായത്തോടെയാണ് ഉപഗ്രഹം നിർമിച്ചത്. വായുവിന്റെ ഗുണനിലവാരം,അന്തരീക്ഷത്തിലെ എണ്ണ ചോർച്ച, മേഘങ്ങളുടെ ചലനം എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ അല്‍ മുൻദിർ ശേഖരിക്കും.ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ച് നേരിട്ട് ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്യാനുള്ള കഴിവാണ് അല്മുൻദിറിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. നാനോ ഉപഗ്രഹങ്ങളില്‍ ഈ സാങ്കേതികവിദ്യ പ്രയോഗിക്കുന്ന മേഖലയിലെ ആദ്യത്തെ ഉപഗ്രഹമാണിത്.

