‘അമ്മ’യെ നയിക്കാൻ വനിതകൾ; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു ജനറൽ സെക്രട്ടറി

  • Home-FINAL
  • Kerala
  • ‘അമ്മ’യെ നയിക്കാൻ വനിതകൾ; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു ജനറൽ സെക്രട്ടറി

‘അമ്മ’യെ നയിക്കാൻ വനിതകൾ; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു ജനറൽ സെക്രട്ടറി


കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോൻ വിജയം നേടിയത്. കുക്കു പരമേശ്വരനാണ് ‘അമ്മ’യുടെ പുതിയ ജനറൽ സെക്രട്ടറി. ട്രഷറർ ആയി ഉണ്ണി ശിവപാൽ തിരഞ്ഞെടുക്കപ്പെട്ടു. ജയൻ ചേർത്തലയും ലക്ഷ്മിപ്രിയയുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ചത്.

പ്രസിഡന്റ് (ശ്വേത മേനോൻ), വൈസ് പ്രസിഡന്റ് (ലക്ഷ്മിപ്രിയ), ജോയിന്റ് സെക്രട്ടറി (അൻസിബ), ജനറൽ സെക്രട്ടറി (കുക്കു പരമേശ്വരൻ) എന്നിങ്ങനെ സംഘടനയുടെ താക്കോൽ സ്ഥാനങ്ങളിൽ വനിതകൾ എത്തിയതാണ് ഈ വർഷത്തെ തിരഞ്ഞെടുപ്പിനെ സവിശേഷമാക്കുന്നത്. സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ്, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ജോയ് മാത്യു, വിനു മോഹൻ, ഡോ. റോണി ഡേവിഡ് രാജ്, സിജോയ് വർഗീസ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അൻസിബ ഉൾപ്പടെ പതിമൂന്ന് പേരായിരുന്നു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ പന്ത്രണ്ടു പേരും പത്രിക പിൻവലിച്ചതോടെ അൻസിബ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 233 വനിതാ അംഗങ്ങൾ ഉൾപ്പടെ സംഘടനയിലെ 507 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ചെന്നൈയിലായതിനാൽ മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തിയില്ല. മോഹൻലാൽ, സുരേഷ് ഗോപി എന്നിവരടക്കമുള്ള പ്രമുഖർ വോട്ട് ചെയ്തു.

 

 

Leave A Comment