കോൺഫറൻസ് കോൾ ചെയ്ത് അൻസിലിനെ വീട്ടിലേക്ക് വരുത്തി; എനർജി ഡ്രിങ്കിൽ കരുതിവച്ചത് കളനാശിനി

  • Home-FINAL
  • Kerala
  • കോൺഫറൻസ് കോൾ ചെയ്ത് അൻസിലിനെ വീട്ടിലേക്ക് വരുത്തി; എനർജി ഡ്രിങ്കിൽ കരുതിവച്ചത് കളനാശിനി

കോൺഫറൻസ് കോൾ ചെയ്ത് അൻസിലിനെ വീട്ടിലേക്ക് വരുത്തി; എനർജി ഡ്രിങ്കിൽ കരുതിവച്ചത് കളനാശിനി


കൊച്ചി: പെൺസുഹൃത്തായ അഥീന എനർജി ഡ്രിങ്കിൽ കളനാശിനി കലക്കിയാണ് കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. അഥീനയുടെ വീട്ടിൽനിന്ന് എനർജി ഡ്രിങ്കിന്റെ കാലി കാനുകളും പിടിച്ചെടുത്തിട്ടുണ്ട്. കൃത്യം നടന്ന ദിവസം അൻസിലിനെ വീട്ടിലേക്ക് വരുത്താൻ നിരന്തരം അഥീന ഫോൺ വിളിച്ചിരുന്നു എന്നതിനും പൊലീസിന് തെളിവുകൾ ലഭിച്ചു.

വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ടിപ്പർ ഡ്രൈവറായ അൻസിലും (38) അഥീന (30)യും തമ്മിൽ ഏറെ നാളായി അടുപ്പമുണ്ടായിരുന്നു. പിന്നീട് അൻസിലിന് സംശയമുണ്ടാകുകയും ഉപദ്രവം തുടങ്ങുകയും ചെയ്തു. അഥീന പൊലീസിനെ സമീപിച്ചെങ്കിലും അൻസിൽ പണം നൽകാമെന്ന് പറഞ്ഞ് കേസ് ഒതുക്കാൻ നോക്കി. കോടതിയിൽ അഥീന മൊഴിമാറ്റിയതോടെ കേസ് റദ്ദായെങ്കിലും അൻസിൽ പണം നൽകിയില്ല. പലപ്പോഴായി മൂന്നുലക്ഷം രൂപ അഥീനയിൽനിന്നു വാങ്ങുകയും ചെയ്തു. ബന്ധത്തിൽ നിന്നും മാറി നിൽക്കാൻ അഥീന ശ്രമിച്ചെങ്കിലും അൻസിൽ തയ്യാറായില്ല. ഇതോടെയാണ് കൊലപാതകം നടത്താമെന്ന തീരുമാനത്തിലെത്തിയത്. ജൂലൈ 30ന് പുലർച്ചെ നാലിന് വീട്ടിലെത്തിയ അൻസിലിന് അഥീന എനർജി ഡ്രിങ്കിൽ കളനാശിനി കലക്കി നൽകി. അരമണിക്കൂറിനകം കുഴഞ്ഞുവീണ അൻസിൽ പൊലീസിനെ ഫോണിൽ വിളിച്ചു. അഥീന ഫോൺ വാങ്ങി തൊട്ടടുത്ത പൊന്തക്കാട്ടിലേക്ക് എറിഞ്ഞു.

പിന്നീട് പൊലീസിനെയും അൻസിലിന്റെ ബന്ധുക്കളെയും അഥീന തന്നെ വിളിച്ചു. ബന്ധുക്കളെത്തിയാണ് അൻസിലിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലേക്ക് പോകുംവഴി ‘അവൾ എന്നെ ചതിച്ചു’ എന്ന് അൻസിൽ പറഞ്ഞതാണ് മരണമൊഴി. അൻസിലിന്റെ മരണശേഷം പൊലീസ് നടത്തിയ പരിശോധനയിൽ വീടിനുസമീപത്തുനിന്ന് എനർജി ഡ്രിങ്കിന്റെ കാനും ഫോണും കണ്ടെടുത്തിരുന്നു. ഏറെനാളത്തെ ആസൂത്രത്തിനൊടുവിലാണ് കൊലപാതകമെങ്കിലും മറ്റാരുടെയും സഹായം അഥീനയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കളനാശിനി വാങ്ങിയ കടയിലും വീട്ടിലും എത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായതോടെ അദീനയെ ഇന്നു വീണ്ടും റിമാൻഡ് ചെയ്തു.

Leave A Comment