തിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് അറസ്റ്റിലായി. ആശുപത്രിയിൽനിന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ പതിനൊന്നാം പ്രതിയാണ്. എ.പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്നപ്പോൾ ദേവസ്വം ബോർഡ് അംഗമായിരുന്നു. സിപിഐ പ്രതിനിധിയായാണ് ദേവസ്വം ബോർഡിലെത്തിയത്. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അന്വേഷണത്തിൽ എന്ത് അസംബന്ധമാണ് നടക്കുന്നതെന്നാണ് തിങ്കളാഴ്ച ഹൈക്കോടതി ചോദിച്ചത്. മകൻ പൊലീസ് ഓഫിസർ ആയതിനാലാണ് പരിഗണനയെന്നും പറഞ്ഞു. ഡി.ഐ.ജി ഹരിശങ്കറിൻ്റെ പിതാവാണ് ശങ്കര ദാസ്.
കെ.പി.ശങ്കരദാസിനെ പരിശോധിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ഹാജരാക്കാൻ അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിച്ച കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ശങ്കരദാസ് തിരുവനന്തപുരത്തെ ആശുപത്രിയിൽ അബോധാവസ്ഥയിലാണെന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. തെളിവായി ഫോട്ടോകളും ചികിത്സാ രേഖകളും ഹാജരാക്കി. ഇതെല്ലാം തള്ളിയാണ് അറസ്റ്റിലേക്ക് എസ്ഐടി കടന്നത്.

