ന്യൂഡൽഹി:രാജസ്ഥാനിൽ വിരമിച്ച ജഡ്ജിയെ വെർച്വൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസിൽ വരാപ്പുഴ സ്വദേശിയെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. ആനന്ദ് ബാബുവിനെയാണ് രാജസ്ഥാനിൽനിന്നെത്തിയ പൊലീസും കൊച്ചി സിറ്റി പൊലീസും ചേർന്ന് പിടികൂടിയത്.
പുൽവാമ കേസിലെ ഹവാല ഇടപാടുമായി ജഡ്ജിക്ക് ബന്ധമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. നിയമനടപടി നേരിടേണ്ടിവരുമെന്ന ഭീതി സൃഷ്ടിച്ചാണ് പ്രതികൾ ജഡ്ജിയിൽനിന്ന് വൻതുക തട്ടിയെടുത്തതെന്നാണ് വിവരം.
കേസന്വേഷണത്തിന്റെ ഭാഗമായി രാജസ്ഥാൻ പൊലീസ് കൊച്ചിയിലെത്തി സിറ്റി പൊലീസിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് എറണാകുളം സെൻട്രൽ എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രാജസ്ഥാൻ പൊലീസുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ വരാപ്പുഴയിൽനിന്ന് പിടികൂടിയത്.
സംഭവത്തിൽ കൂടുതൽ പ്രതികൾ കേരളത്തിൽ നിന്നുള്ളവരാണെന്നാണ് രാജസ്ഥാൻ പൊലീസ് നൽകുന്ന വിവരം. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
