കൊച്ചി:നടി പീഡന കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ, എറണാകുളം ജില്ലാ ജുഡീഷറിയിലെ ഒരു ജീവനക്കാരനും വിരമിച്ച ഒരു ഉദ്യോഗസ്ഥനും എതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചു. കേരള ഹൈക്കോടതിയാണ് നടപടികൾക്ക് തുടക്കമിട്ടത്.
എറണാകുളം മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കൗസർ എടപ്പഗത്തിന്റെ പേഴ്സണൽ അസിസ്റ്റന്റായ മഹേഷ് മോഹൻ, കേസിന്റെ വിചാരണ നടന്ന സി.ബി.ഐ കോടതി നമ്പർ 3-ലെ മുൻ ശിറസ്തദാരായ താജുദീൻ എന്നിവരാണ് നടപടികൾ നേരിടുന്നത്. ഇവർക്കെതിരായ നടപടികളുടെ ഭാഗമായ അടുത്ത വാദം ജനുവരി 16ന് നടക്കും. ജില്ലാ ജഡ്ജിയായ വി.പി.എം. സുരേഷ് ബാബുവാണ് അന്വേഷണം നടത്തുന്നത്.
അതേസമയം, അന്വേഷണ റിപ്പോർട്ടിൽ മെമ്മറി കാർഡ് പരിശോധിച്ചതായി കണ്ടെത്തിയ ജുഡീഷ്യൽ ഓഫീസർക്കെതിരെ നടപടിയെടുക്കില്ല. കേസ് അവർ പരിഗണിച്ചിരുന്ന സമയത്താണ് കാർഡ് അവർ തുറന്ന് കണ്ടത്. കുറ്റം തെളിഞ്ഞാൽ സർവിസിലുള്ള ഉദ്യോഗസ്ഥനെ പിരിച്ചുവിടും. റിട്ടയറായ ഉദ്യോഗസ്ഥൻ്റെ പെൻഷനും മറ്റാനുകൂല്യങ്ങളും തിരിച്ചു പിടിക്കാനും കഴിയും.

