അതുല്യയുടെ ആത്മഹത്യ, ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു

  • Home-FINAL
  • Business & Strategy
  • അതുല്യയുടെ ആത്മഹത്യ, ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു

അതുല്യയുടെ ആത്മഹത്യ, ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു


ഷാർജ റോളയിലെ ഫ്‌ളാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. ദുബായിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എൻജിനീയറായ സതീഷിനെ പിരിച്ചുവിട്ടെന്ന് കമ്പനി അറിയിക്കുകയായിരുന്നു. സതീഷിന്റെ പീഡനം മൂലമാണ് അതുല്യ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ പരാതി. സതീഷ് ഉപദ്രവിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വിഡിയോദൃശ്യങ്ങൾ അതുല്യ ബന്ധുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. ഈ വിഡിയോയുടെയും കുടുംബാംഗങ്ങളുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് സതീഷിനെ പിരിച്ചുവിട്ടതെന്നു കമ്പനി പറഞ്ഞു. ഒരു വർഷം മുൻപാണ് ഇയാൾ ഇവിടെ ജോലിക്കു ചേർന്നത്.

അതുല്യയുടെ കുടുംബത്തിന്റെ പരാതിയിൽ സതീഷിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. കൊലപാതകക്കുറ്റത്തിനു പുറമേ സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തിൽ മാരകമായി പരുക്കേൽപിക്കൽ തുടങ്ങിയ ആറിലധികം വകുപ്പുകളും സതീഷിനെതിരെ ചുമത്തിയിട്ടുണ്ട്. ഷാർജ പൊലീസിലും പരാതി നൽകുമെന്ന് അതുല്യയുടെ ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് കൊല്ലം തേവലക്കര കോയിവിള മേലേഴത്ത് ജംക്ഷൻ അതുല്യ ഭവനിൽ എസ്.രാജശേഖരൻ പിള്ളയുടെ മകൾ ടി.അതുല്യ ശേഖറിനെ (30) ഷാർജയിലെ ഫ്‌ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Leave A Comment