ഏഷ്യൻ യൂത്ത് ഗെയിംസിനുള്ള ഒരുക്കങ്ങൾ ബഹ്റൈനിൽ പുരോഗമിക്കുന്നു. ഒക്ടോബർ 22 മുതൽ 31 വരെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ആണ് ഗെയിംസ് നടക്കുക. പങ്കെടുക്കുന്നവർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ നൽകുന്നതിനുള്ള ശ്രമങ്ങൾ സംഘാടകസമിതി ആരംഭിച്ചു കഴിഞ്ഞു.ഇതിൻറെ ഭാഗമായി അത്ലറ്റുകൾക്കും ഔദ്യോഗിക പ്രതിനിധികൾക്കും , അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ആവശ്യമായ എല്ലാ സേവനങ്ങളും നൽകുന്ന , മികച്ച ഹോട്ടലുകൾ തിരഞ്ഞെടുക്കുന്നതിന് മുൻഗണന നൽകിയിട്ടുണ്ട്” എന്ന് അക്കോമഡേഷൻ കമ്മിറ്റി മേധാവി നൂർ ഹുസൈൻ പറഞ്ഞു. പങ്കെടുക്കുന്ന പ്രതിനിധികൾക്കായി എക്സിക്യൂട്ടീവ് കമ്മിറ്റി 5-സ്റ്റാർ, 4-സ്റ്റാർ താമസ സൗകര്യങ്ങൾ ഉൾപ്പെട്ടെ 20-ലധികം ഹോട്ടലുകൾ ലഭ്യമാക്കുമെന്നും , മെഡിക്കൽ സഹായം, അക്രഡിറ്റേഷൻ കാർഡുകൾ തുടങ്ങിയ അവശ്യ സേവനങ്ങൾ ഉൾപ്പെടുന്ന നാല് പ്രധാന ഹോട്ടലുകൾ ഇവന്റിനായി കണ്ടെത്തിയിട്ടുണ്ട് എന്നും നൂർ ഹുസൈൻ കൂട്ടിച്ചേർത്തു. വിഐപികൾ, കായികതാരങ്ങൾ, മാധ്യമ പ്രവർത്തകർ, റഫറിമാർ, സാങ്കേതിക പ്രതിനിധികൾ എന്നിവർക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധം എന്നും നൂർ അറിയിച്ചു . ഗെയിംസിന്റെ വിജയകരമായ ആതിഥേയത്വം ഉറപ്പാക്കാൻ പ്രതിനിധി സംഘങ്ങളെ സഹായിക്കുന്നതിന് കമ്മിറ്റി അംഗങ്ങളും സന്നദ്ധപ്രവർത്തകരും സജ്ജരാണ് എന്നും ഏവർക്കും സമഗ്രമായ സേവനങ്ങൾ ലഭ്യമാക്കുക സംഘാടക സമിതിയുടെ ലക്ഷ്യം എന്നും അക്കോമഡേഷൻ കമ്മിറ്റി മേധാവി അറിയിച്ചു.

