ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണ്ണം. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ വനിതകൾ ഏഷ്യൻ ബാഡ്മിന്റണിന്റെ ചാമ്പ്യന്മാരാകുന്നത്. ഫൈനലിൽ തായ്‌ലൻഡ് ടീമിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ സുവർണ നേട്ടം ആഘോഷിച്ചത്. രണ്ട് മത്സരങ്ങൾ തായി സംഘം വിജയിച്ചപ്പോൾ മൂന്ന് മത്സരങ്ങളിൽ ഇന്ത്യ ജയം ആഘോഷിച്ചു. ആദ്യ മത്സരത്തിൽ ഇന്ത്യയുടെ പി വി സിന്ധു തായ്‍ലാൻഡിന്റെ സുപാനിഡ കാറ്റേതോംഗിനെ നേരിട്ടു. നേരിട്ടുള്ള ഗെയിമുകൾക്ക് സിന്ധു തായ് താരത്തെ പരാജയപ്പെടുത്തി. 21-12, 21-12 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം. രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്കായി ട്രീസ ജോളി-ഗായിത്രി ഗോപിചന്ദ് സഖ്യമാണ് കളത്തിൽ ഇറങ്ങിയത്. ജോങ്കോൾഫാൻ-റവിന്ദ സഖ്യം ഇന്ത്യയ്ക്ക് എതിരാളികളായി. ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് ട്രീസ-ഗായിത്രി സംഘം വിജയം സ്വന്തമാക്കി. ഇതോടെ ഇന്ത്യൻ വനിതകൾ 2-0ത്തിന് മുന്നിലായി. നിർണായകമായ മൂന്നാം മത്സരത്തിൽ അഷ്മിത ചലിഹ ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. തായ്‍ലാൻഡ് താരം ബുസാനന്‍ ഒംഗ്ബാംറുംഗ്ഫാനോടാണ് അഷ്മിത മത്സരിച്ചത്. ഇത്തവണ ഇന്ത്യൻ താരം പരാജയപ്പെട്ടു. സ്കോർ 11-21, 14-21.