കൊൽക്കത്ത: ബംഗാൾ മുൻ മന്ത്രിയും മുൻ ഡെപ്യൂട്ടി സ്‌പീക്കറും തൃണമൂൽ കോൺഗ്രസ് നേതാവുമായിരുന്ന ആശിഷ് ബാനർജിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ ബിർഭും ജില്ലയിലെ റാംപുർഹാട്ടിലെ തൃണമൂൽ കോൺഗ്രസ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. ആശിഷ് ബാനർജിയുടെ വസതിക്ക് സമീപമുള്ള പാർട്ടി ഓഫീസിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജിയുടെ മന്ത്രിസഭയിൽ വിവിധ വകുപ്പുകളിൽ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. 2015-2016 കാലഘട്ടത്തിൽ ബയോടെക്‌നോളജി, സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായും 2017-21 കാലഘട്ടത്തിൽ കൃഷി മന്ത്രിയായും ചുമതല നിർവഹിച്ചു. 2021-26 കാലഘട്ടത്തിലാണ് ആശിഷ് ബാനർജി ബംഗാൾ നിയമസഭയിലെ ഡെപ്യൂട്ടി സ്‌പീക്കറായത്. റാംപൂർഹാട്ടിൽനിന്ന് അഞ്ച് തവണ അദ്ദേഹം നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പട്ടു.
