തിരുവനന്തപുരം: പേരിടൽ വിവാദത്തിന് വഴിതെളിച്ച സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാന്‍ഡി ക്ക് പേരായി. ‘മലബാര്‍ മിസ്റ്ററി’ എന്നാണ് പുതിയ ബ്രാന്‍ഡിന് പേര് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 21ന് മന്ത്രി എം.ബി രാജേഷ് പേര് ഔദ്യോഗികമായി പേര് പ്രഖ്യാപിക്കും. പാലക്കാട് മലബാര്‍ ഡിസ്റ്റിലറിയില്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡിയാണിത്. പുതിയ ബ്രാന്‍ഡ് കുറഞ്ഞ വിലയില്‍ ഈ മാസം 21ന് വിപണിയിലെത്തും. മദ്യത്തിന് ഉചിതമായ പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ നല്‍കുമെന്ന ബെവ്കോ പരസ്യം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു. മത്സരത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവോ വിവരമോ ഇല്ലെന്നാണ് ബെവ്കോ കോടതിയെ അറിയിച്ചത്. ബെവ്കോയുടെ വിശദീകരണത്തിന് പിന്നാലെ ഹൈക്കോടതി മലബാര്‍ ഡിസ്റ്റലറീസിനോട് വിശദീകരണം തേടി. എല്ലാ നിയമനടപടികളും സ്റ്റേ ചെയ്ത കോടതി കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് 12ലേക്ക് മാറ്റിയിരുന്നു.

