ബഹ്റൈൻ കിരീടാവകാശി ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ, ഖുദൈബിയ കൊട്ടാരത്തിൽ പ്രതിവാര മന്ത്രിസഭ യോഗം നടന്നു. യോഗത്തിൽ പുതുവർഷാരംഭത്തിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാർക്കായി പൊതുകാര്യങ്ങളിൽ പുതിയ പ്രഖ്യാപനങ്ങൾ നടന്നു.

രാജ്യത്തെ വരവ്-ചെലവ്, നികുതിയിനങ്ങൾ, ഇന്ധനം, തൊഴിൽ, ആരോഗ്യ രംഗങ്ങളിലെല്ലാം പുതിയ പ്രഖ്യാപനങ്ങളാണ് നടത്തിയിട്ടുള്ളത്.ബഹ്‌റൈനിലെ ഇന്ധനവില നിശ്ചയിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള നിശ്ചിത സമിതി പ്രാദേശിക ഇന്ധന നിരക്കുകൾ പരിഷ്കരിച്ചു. ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ആഭ്യന്തര വില ക്രമീകരിക്കാനും സാമ്പത്തിക കാര്യക്ഷമതയും സുസ്ഥിരതയും ഉറപ്പാക്കാനുമാണ് ഈ നീക്കം.സൂപ്പർ 98 ഇന്ധനത്തിന് ലിറ്ററിന് 0.265 ദീനാർ, പ്രീമിയം 95ന് 0.235 ദീനാർ, റെഗുലർ 91- ലിറ്ററിന് 0.220 ദീനാർ ഡീസൽ ലിറ്ററിന് 0.200 ദീനാർ എന്നിങ്ങനെയാണ് പരിഷ്കരിച്ച ഇന്ധനനിരക്കുകൾ.വികസിപ്പിക്കാത്ത നിക്ഷേപ ഭൂമികൾക്ക് 2027 ജനുവരി മുതൽ ചതുരശ്ര മീറ്ററിന് 100 ഫിൽസ് പ്രതിമാസ ഫീസ്, ജല ഉപഭോഗത്തിന്റെ 20 ശതമാനം സീവേജ് സേവന ഫീസ്, സ്വദേശികൾക്ക് തൊഴിലവസരങ്ങളിൽ മുൻഗണന നൽകുന്നതിനായി പ്രവാസികളുടെ തൊഴിൽ-ആരോഗ്യ ഫീസുകൾ എന്നിങ്ങനെ പല മേഖലകളിലും പുതിയ നയങ്ങൾ അടുത്ത പുതുവർഷത്തിലായി ഘട്ടം ഘട്ടമായി നടപ്പാക്കും. പുതുവർഷം രാജ്യത്തിന് ഐശ്വര്യവും നേട്ടങ്ങളും നൽകട്ടെ എന്നും മന്ത്രിസഭ ആശംസിച്ചു.

