ബഹ്‌റൈനും യുഎസും സമാധാനപരമായ ആണവോർജ്ജ മേഖലയിലുള്ള സഹകരണ കരാറിൽ ഒപ്പുവച്ചു. ബഹ്‌റൈനിനുവേണ്ടി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും യുഎസിനുവേണ്ടി യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ആണ് കരാറിൽ ഒപ്പുവച്ചത്.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അമേരിക്കൻ ഐക്യനാടുകളിലെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി, ആണ് നടപടി .ആണവോർജ്ജ മേഖലയിൽ രാജ്യവും യുഎസും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും സുസ്ഥിര വികസനത്തിലും ഊർജ്ജ സുരക്ഷയിലും അതിന്റെ നല്ല പങ്ക് അംഗീകരിക്കുന്നതിനും ഈ കരാർ ലക്ഷ്യമിടുന്നു.

ആണവോർജ്ജ മേഖലയിൽ ബഹ്‌റൈനും യുഎസും തമ്മിലുള്ള സഹകരണത്തെയും ഡോ. അൽ സയാനി അഭിനന്ദിച്ചു, ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ കരാറ് എന്നും അദ്ദേഹം വ്യക്തമാക്കി .സുരക്ഷിതവും, വിശ്വസനീയവുമായ ആണവോർജ്ജം നൽകുന്നതിനും, ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും, കുറഞ്ഞ കാർബൺ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗത്തെ പിന്തുണയ്ക്കുന്നതിനും ആധുനിക സാങ്കേതികവിദ്യകൾ വിന്യസിച്ചുകൊണ്ട് ഇരു രാജ്യങ്ങളും തങ്ങളുടെ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് ഡോ. അൽ സയാനി കൂട്ടിച്ചേർത്തു.

