ബഹ്റൈൻ വനിതാദിനത്തോടനുബന്ധിച്ച് സാമൂഹിക വികസന മന്ത്രാലയം ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു.ഡിസംബർ ഒന്നിനാണ് ബഹ്റൈൻ വനിതാദിനമായി ആചരിക്കുന്നത്. രാജാവ് ഹമദ് ബിൻ ഈസ ആല് ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്മാൻ ബിൻ ഹമദ് ആല് ഖലീഫയുടെ പിന്തുണയോടെയും ബഹ്റൈനിലെ എല്ലാ മേഖലകളിലും സ്ത്രീകള്‍ നേടിയ മികച്ച സ്ഥാനത്തിന്റെ സൂചകമാണ് വനിതാ ദിനമെന്ന് സാമൂഹികവികസന മന്ത്രാലയം അണ്ടർ സെക്രട്ടറി സഹർ റാഷിദ് അല്‍ മന്നായി പറഞ്ഞു. രാജപത്നി സബീക്ക ബിൻത് ഇബ്രാഹിം ആല് ഖലീഫയുടെ നേതൃത്വത്തില്‍ ആരംഭിച്ച സംരംഭങ്ങളെ അവർ അഭിനന്ദിച്ചു. വനിതാ സുപ്രീം കൗണ്‍സിലിന്റെ പ്രവർത്തനങ്ങളും വനിതകളുടെ മുന്നേറ്റത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ദേശീയ വികസനത്തില്‍ സ്ത്രീകളുടെ നിരന്തര പരിശ്രമങ്ങളും നേട്ടങ്ങളും ഉയർന്നതോതില്‍ ആദരിക്കപ്പെടുന്നു. എല്ലാ വികസന മേഖലകളിലും വ്യത്യസ്ത റോളുകളിലും ഉത്തരവാദിത്തങ്ങളിലും മികവ് പുലർത്താനുള്ള ബഹ്റൈൻ വനിതകളുടെ കഴിവിനെ അവർ അഭിനന്ദിച്ചു. വിവിധ മന്ത്രാലയങ്ങളില്‍ കഴിഞ്ഞ ദിവസം ബഹ്റൈൻ വനിതാ ദിനാചരണങ്ങള്‍ സംഘടിപ്പിക്കുകയും വനിതാ ജീവനക്കാർക്ക് മന്ത്രിമാർ അഭിവാദ്യം അർപ്പിക്കുകയും ചെയ്തിരുന്നു.