പൊറോട്ട – ബീഫ് പരാമർശം; എൻ.കെ പ്രേമചന്ദ്രൻ എംപിക്കെതിരെ ബിന്ദു അമ്മിണി പരാതി നൽകി

  • Home-FINAL
  • Kerala
  • പൊറോട്ട – ബീഫ് പരാമർശം; എൻ.കെ പ്രേമചന്ദ്രൻ എംപിക്കെതിരെ ബിന്ദു അമ്മിണി പരാതി നൽകി

പൊറോട്ട – ബീഫ് പരാമർശം; എൻ.കെ പ്രേമചന്ദ്രൻ എംപിക്കെതിരെ ബിന്ദു അമ്മിണി പരാതി നൽകി


കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ എൻകെ പ്രേമചന്ദ്രൻ എംപിക്കെതിരെ ബിന്ദു അമ്മിണി പരാതി നൽകി. കൊയിലാണ്ടി പൊലീസിലാണ് ബിന്ദു പരാതി നൽകിയത്. പൊറോട്ടയും ബീഫും നൽകി രഹന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവരെ ശബരിമലയിൽ എത്തിച്ച പിണറായി സർക്കാർ വിശ്വാസത്തെ വികലമാക്കിയെന്നും അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും ആൾക്കാരുമാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തിയതെന്നുമായിരുന്നു എൻകെ പ്രേമചന്ദ്രന്റെ പ്രസ്താവന.

ഈ പ്രസ്താവന തെറ്റാണെന്നും അധിക്ഷേപകരമാണെന്നും തന്റെ അന്തസിനും പ്രശസ്തിക്കും കളങ്കം വരുത്തുന്നതാണെന്നും പരാതിയിൽ പറയുന്നു. പാലയിലെ ഗസ്റ്റ് ഹൗസിലോ കോട്ടയം പൊലീസ് ക്ലബ്ബിലോ പോയിട്ടില്ലെന്നും തന്റെ പേരിനൊപ്പം രഹന ഫാത്തിമയുടെ പേര് നൽകിയത് ഒരു മുസ്ലിം വനിതയുടെ നാമം തന്റെ പേരിനൊപ്പം ചേർക്കണം എന്ന ദുരുദ്ദേശത്തോട് കൂടിയാണെന്നും ഇതിനുശേഷം താൻ വലിയ രീതിയിലുള്ള അധിക്ഷേപങ്ങളും സോഷ്യൽ മീഡിയ ആക്രമണങ്ങളും നേരിട്ടു എന്നും ബിന്ദു അമ്മിണി പരാതിയിൽ പറയുന്നു.

മതസൗഹാർദ്ദം തകർക്കുക കൂടി ലക്ഷ്യമിട്ടാണ് എൻകെ പ്രേമചന്ദ്രന്റെ പരാമർശം. ഷെഡ്യൂൾഡ് കാസ്റ്റിൽപ്പെട്ട ഒരാളെ കരുതിക്കൂട്ടി അപമാനിക്കുക എന്നൊരു ഉദ്ദേശവും അദ്ദേഹത്തിന്റെ വാക്കുകൾക്കുണ്ട്. എൻകെ പ്രേമചന്ദ്രൻ നിയമബിരുദധാരിയാണെന്നും തന്റെ വാക്കുകളുടെ പരിണിതഫലം അറിയാതെയല്ല അദ്ദേഹത്തിന്റെ പരാമർശമെന്നും ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കേണ്ട ഒരു പാർലമെന്റ് അംഗത്തിൽ നിന്നുണ്ടായ പരാമർശത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.

Leave A Comment