ബഹ്റൈൻ കേരളീയ സമാജവും ഇന്ത്യയിലെ പ്രമുഖ പ്രസാധകരുമായ ഡിസി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഒൻപതാമത് ബി. കെ. എസ്. – ഡി. സി. അന്താരാഷ്ട്ര പുസ്തകോത്സവവും കൾച്ചറൽ കാർണിവലും ഡിസംബർ 4 മുതൽ 14 വരെ ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പത്രകുറിപ്പുലൂടെ അറിയിച്ചു.
കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെയും സെലിബ്രിറ്റികളും സാന്നിധ്യം പ്രതീക്ഷിക്കുന്ന പുസ്തകമേളയിൽ ബഹ്റൈനിലെ ഏഴോളം മലയാളി എഴുത്തുകാരുടെ പുസ്തകങ്ങളും പ്രകാശനം ചെയ്യപ്പെടും.
ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ദിവസേന 7.30നു കൾച്ചറൽ പ്രോഗ്രാമുകളും തുടർന്നു പ്രമുഖ എഴുത്തുകാരുമായുള്ള സംവാദങ്ങളും ഉണ്ടായിരിക്കും. ഒരു ലക്ഷത്തോളം പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്ന പുസ്തകമേളയിൽ കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പുസ്തകശേഖരവും ഉണ്ടായിരിക്കും.

പുസ്തകമേളയോടനുബന്ധമായി എല്ലാ ദിവസങ്ങളിലും വൈകീട്ട് നടക്കുന്ന സാംസ്കാരിക പരിപാടികളിൽ ഗസൽ സന്ധ്യ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക പരിപാടികൾ, ബഹ്‌റൈനിലെ അന്യരാജ്യ കലാകാരന്മാരുടെ സംസ്കാരിക പരിപാടികൾ, ആർദ്രഗീത സന്ധ്യ, നൃത്തനൃത്യങ്ങൾ, ഡാൻസ് ഡ്രാമ, മ്യൂസിക് ബാൻഡ് തുടങ്ങി നിരവധിപരിപാടികളോടൊപ്പം ദിവസ്സേന സ്പോട് ക്വിസ്സും നടക്കും. പുസ്തകമേളയോടനുബന്ധിച്ചു സമാജം ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫോട്ടോഗ്രഫി എക്സിബിഷനും ആർട്സ്ക്ലബ്ബിന്റെ നേതൃത്വത്തിൽ ആർട് & പെയിന്റിംഗ് എക്സിബിഷനും നടത്തപ്പെടും.

അന്താരാഷ്‌ട്ര പുസ്തകമേളയുടെ നടത്തിപ്പിനായി സമാജം സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ആഷ്‌ലി കുര്യൻ മഞ്ഞില കൺവീനറായും ജോയ് പോളി, സവിത സുധിർ, സിൻഷാ വിതേഷ് എന്നിവർ ജോയിന്റ് കൺവീനർമാരായും നൂറ്റിയന്പതിൽപരം അംഗങ്ങളുള്ള സംഘാടകസമിതി നിലവിൽവന്നു.
പുസ്തകങ്ങൾ വാങ്ങിക്കാൻ താത്പര്യമുള്ള ബഹ്‌റൈനിലെ മലയാളി സംഘടനകൾ, സ്‌കൂളുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രത്യേക ഓഫറുകൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്. പ്രത്യേകമായി ലഭ്യമാക്കേണ്ട പുസ്തകങ്ങൾക്കും സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.ഡിസംബർ 4 മുതൽ 14 ഉൾപ്പടെയുള്ള ദിവസ്സങ്ങളിൽ രാവിലെ 9.30 മുതൽ രാത്രി 10.30 വരെയായാണ് പുസ്തകമേളയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: 39215128/ 39370929/ 34688624

