ബഹ്റൈൻ കേരളീയ സമാജവും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ബി.കെ.എസ്- ഡി.സി അന്താരാഷ്ട്ര പുസ്തകമേളയുടെ 8-ാം പതിപ്പിനും സാംസ്കാരികോത്സവത്തിനും തിരിതെളിഞ്ഞു.ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരവും സംവിധായകനും എഴുത്തുകാരനുമായ പ്രകാശ് രാജ് പുസ്തകോത്സവത്തിൻ്റെയും സാംസ്കാരികോത്സവത്തിൻ്റെയും ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി മനുഷ്യനെ നവീകരിക്കുകയും ഉയർന്ന ചിന്തയിലേക്കും നയിക്കുകയും ചെയ്യുന്ന അത്ഭുതമാണ് പുസ്തകങ്ങൾ എന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ പ്രകാശ് രാജ് പറഞ്ഞു.
ഡി.സി.ബുക്സ് ഉടമയും പുസ്തകമേളയുടെ സംഘാടകരിൽ ഒരാളുമായ രവി ഡിസി ചടങ്ങിൽ പങ്കെടുക്കുകയും ഡിസി ബുക്സിൻ്റെ നാല്പത്തിയാറാം വാർഷിത്തിൻ്റെ ഭാഗമായി ആയിരം ദിനാർ വിലയുള്ള പുസ്തകങ്ങൾ സമാജം ലൈബ്രറിക്ക് കൈമാറുകയും ചെയ്തു. ബഹ്റൈനിലെ നൃത്തസംവിധായകർ അണിയിച്ചൊരുക്കിയ നൃത്താവിഷ്കാരങ്ങളോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായത്.
സമാജം ആക്ടിംഗ് ജനറൽ സെക്രട്ടറി മഹേഷ് പിള്ള സ്വാഗതം ആശംസിച്ച ഉദ്ഘാടനച്ചടങ്ങിൽ പുസ്തകമേളയുടെ ജനറൽ കൺവീനർ ഹരീഷ് നായർ പുസ്തകമേളയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ.ആർ.നായർ കൃതജ്ഞതയും രേഖപ്പെടുത്തി. ഉദ്ഘാടനാനന്തരം പ്രകാശ് രാജുമായുള്ള മുഖാമുഖവും നടന്നു.പ്രകാശ് രാജ് രചിച്ച ” നമ്മെ വിഴുങ്ങുന്ന മൗനം” എന്ന പുസ്തകം അദ്ദേഹത്തിൻ്റെ കൈയ്യൊപ്പോടെ വാങ്ങാനുള്ള അവസരവും ഒരുക്കിയിരുന്നു.സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി സമാജം ഫോട്ടോഗ്രാഫി ക്ലബ്ബ് സംഘടിപ്പിച്ചിരിക്കുന്ന ഫോട്ടോഗ്രാഫി പ്രദർശനത്തിൻ്റെ ഉദ്ഘാടനവും സമാജം വനിതാ വേദി അമ്മമാർക്കും കുട്ടികൾക്കുമായി ജനുവരിയിൽ നടത്തുന്ന “വൗ മാം” എന്ന മത്സര പരിപാടിയുടെ പോസ്റ്റർ പ്രകാശനവും ചടങ്ങിനോടനുബന്ധിച്ച് പ്രകാശ് രാജ് നിർവ്വഹിച്ചു.
കുട്ടികൾക്കായുള്ള 2500 ൽ അധികം ഇംഗ്ലീഷ് മലയാളം പുസ്തകങ്ങൾ ഉൾപ്പടെ 6000 ത്തിൽ അധികം ശീർഷകങ്ങളിലായി ഒരു ലക്ഷത്തിലധികം പുസ്തകങ്ങളാണ് പുസ്തകമേളയിൽ വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത് എന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള അറിയിച്ചു.
പ്രശസ്ത കഥാകൃത്തായ അനന്തപത്മനാഭൻ, യുവ എഴുത്തുകാരിൽ ശ്രദ്ധേയരായ അഖിൽ പി. ധർമ്മജൻ, ലതീഷ് കുമാർ,മാധ്യമ പ്രവർത്തകനായ ഉണ്ണി ബാലകൃഷ്ണൻ, ചലച്ചിത്ര താരവും അവതാരകയുമായ അശ്വതി ശ്രീകാന്ത്, സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ ഡോ.സൗമ്യ സരിൻ തുടങ്ങിയവർ വരും ദിവസങ്ങളിൽ അതിഥികളായി എത്തും.
മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് കഥ പറയാനും കഥ കേൾക്കാനുമായി “ഒരിടത്തൊരിടത്തൊരിടത്ത്.” എന്ന കഥാവേദി, വിവിധ കലാപരിപാടികൾ, ചിത്രകലാ പ്രദർശനം, ഫോട്ടോഗ്രാഫി പ്രദർശനം, ഭാഷാ മത്സരങ്ങൾ ,സ്പോട്ട് ക്വിസ്, ഫുഡ് സ്റ്റാളുകൾ എന്നിവയും പുസ്തകമേളയുടെ ഭാഗമായി എല്ലാ ദിവസവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.