കേരളത്തിൽ ഇനി വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ചൂളം വിളിയും (Kerala New Vande Bharat). സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, മന്ത്രി ആൻ്റണി രാജു, ശശി തരൂർ എംപി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഫ്ലാഗ് ഓഫിന് മുമ്പു വന്ദേ ഭാരതിന് ഉള്ളിൽ കയറിയ പ്രധാനമന്ത്രി വിദ്യാർഥികളുമായി സംവദിച്ചു. വ്ലോഗർമാർ, സിനിമ താരങ്ങൾ, മതമേലധ്യക്ഷന്മാർ, വിദ്യാർഥികൾ തുടങ്ങിയവർ ആദ്യയാത്രയുടെ ഭാഗമാകും.
തിരുവനന്തപുരത്തുനിന്നു കാസർകോട്ടേക്കും തിരിച്ചുമാണ് ആദ്യഘട്ടത്തിൽ വന്ദേ ഭാരത് സർവീസ് നടത്തുക. 26 മുതൽ കാസർകോട്- തിരുവനന്തപുരം സർവീസും 28 മുതൽ തിരുവനന്തപുരം- കാസർകോട് സർവീസും ഓടിത്തുടങ്ങും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ 11 ജില്ലകളിലൂടെയാണ് വന്ദേ ഭാരത് കടന്നുപോകുന്നത്. പത്തനംതിട്ടയും മലപ്പുറവും ഒഴികെ ഒൻപത് ജില്ലകളിലാണ് സ്റ്റോപ്പ് ഉള്ളത്. മലപ്പുറം ജില്ലയിലെ തിരൂരിനെ ഒഴിവാക്കി പാലക്കാട്ടെ ഷൊർണൂരിൽ വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ആഴ്ചയിൽ വ്യാഴാഴ്ച ഒഴികെ ആറുദിവസം വന്ദേ ഭാരതിന് സർവീസ് ഉണ്ടാകും. തിരുവനന്തപുരത്തുനിന്നു പുലർച്ചെ 5.20 ന് പുറപ്പെടുന്ന സർവീസ് ഏകദേശം എട്ടുമണിക്കൂറുകൊണ്ട്, ഉച്ചയ്ക്ക് 1.25 ന് കാസർകോട് എത്തുന്ന തരത്തിലാണ് സമയക്രമീകരണം. രണ്ടു തരത്തിലുള്ള സീറ്റിങ് ക്രമീകരണമാണ് വന്ദേ ഭാരതിൽ ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് എക്സിക്യൂട്ടിവ് ചെയർകാറിന് 2880 രൂപയാണ് ടിക്കറ്റ് നിരക്ക്. എസി ചെയർകാറിന് 1590 രൂപയും. കാസർകോടുനിന്നു തിരുവനന്തപുരത്തേക്ക് എക്സിക്യൂട്ടിവ് ചെയർകാറിന് 2816 രൂപയും എസി ചെയർകാറിന് 1520 രൂപയുമാണ്. ചെയർകാറിൽ 914 സീറ്റും എക്സിക്യൂട്ടീവ് ചെയർകാറിൽ 86 സീറ്റുമാണ് ഉള്ളത്.