പൂരം പൊടിപൂരം!; വര്‍ണവിസ്മയം തീര്‍ത്ത് കുടമാറ്റം.

  • Home-FINAL
  • Business & Strategy
  • പൂരം പൊടിപൂരം!; വര്‍ണവിസ്മയം തീര്‍ത്ത് കുടമാറ്റം.

പൂരം പൊടിപൂരം!; വര്‍ണവിസ്മയം തീര്‍ത്ത് കുടമാറ്റം.


പൂര പ്രേമികളെ ആവേശത്തിലാഴ്ത്തി വര്‍ണ വിസ്മയം തീര്‍ത്ത് കുടമാറ്റം. പാറമേക്കാവിലമ്മയുമായി ഗുരുവായൂര്‍ നന്ദനും, തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനുമാണ് തിടമ്പേറ്റിത്. ഇരുവശത്തെയും ആനച്ചന്തവും കുടകളുടെ വൈവിധ്യവും കാണാന്‍  ജനലക്ഷങ്ങള്‍ ഒഴുകിയെത്തി.ആനപ്പുറത്ത് കുടകള്‍ പലവിധം മാറിമാറി നിവര്‍ന്നപ്പോള്‍ ജനം ആര്‍പ്പുവിളിച്ചു.കുടമാറ്റത്തിന് മാറ്റു കൂട്ടാന്‍ എല്‍ഇഡി കുടകളും വിവിധ രൂപങ്ങളുള്ള കുടകളും ഇത്തവണ നിറഞ്ഞു.

തൃശൂര്‍ പൂരത്തെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് നയിച്ച് ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി. ഇത്തവണ പെരുവനം കുട്ടന്‍ മാരാരിന് പകരം മേള പ്രമാണിയായ കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം കൊട്ടിക്കയറിയപ്പോള്‍ താളം പിടിക്കാന്‍ ആയിരങ്ങളാണ് തൃശൂരിലേക്ക് ഒഴുകിയെത്തിയത്. വടക്കുംനാഥ ക്ഷേത്രത്തിലെ ഇലഞ്ഞി മരത്തിന്റെ ചുവട്ടില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഇലഞ്ഞിത്തറ മേളം ആരംഭിച്ചത്.

കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തിയതോടെയാണ് തൃശ്ശൂര്‍ പൂരത്തിനാരംഭം കുറിച്ചത്.പിന്നാലെ പൂരം ആവേശത്തെ കൊടുമുടി കയറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂര നഗരിയില്‍ എത്തി. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയാണ് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരനഗരയില്‍ എത്തിയത്. ആയിരങ്ങളാണ് നെയ്ത്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ ഗജവീരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വരവ് കാത്തുനിന്നത്.

രാത്രി 10.30ന് പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പ മാരാര്‍ പ്രമാണിയാകും. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടു കൂടി ആകാശക്കാഴ്ചകള്‍ക്ക് തുടക്കം കുറിക്കും. ആദ്യം തിരുവമ്പാടിയും തുടര്‍ന്ന് പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തും. പകല്‍പ്പൂരത്തിന് ശേഷം ദേവിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ പൂരത്തിന് പരിസമാപ്തിയാകും.

Leave A Comment