തീവ്രവാദം തുറന്നുകാട്ടുന്ന സിനിമയാണ് കേരള സ്റ്റോറി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദത്തിനെതിരായ ചിത്രത്തിനെയാണ് കോൺഗ്രസ് എതിർക്കുന്നതെന്നും വോട്ടുനേടാനായി തീവ്രവാദത്തോട് മൃതുസമീപനമാണ് അവർ കാണിച്ചതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബെല്ലാരിയിൽ വെച്ച് നടത്തിയ പരിപാടിക്കിടെയായിരുന്നു മോദിയുടെ സിനിമയെ കുറിച്ചുള്ള പരാമർശം.
‘ഭീകര ഗുഢാലോചനയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് കേരളാ സ്റ്റോറി. ഇത് തീവ്രവാദത്തിന്റെ വൃത്തിക്കെട്ട സത്യം കാണിക്കുന്നുണ്ട്. വോട്ടുബാങ്കിന് വേണ്ടി ഭീകരതേയും തീവ്രവാദ പ്രവണതയേയും തുറന്നുകാട്ടുന്ന ചിത്രങ്ങളെ കോൺഗ്രസ് എതിർക്കുകയാണ്. കോൺഗ്രസാണ് സിനിമക്കെതിരായി ഏറ്റവും കൂടുതൽ പ്രതിഷേധമുണ്ടാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ കേരള സ്റ്റോറി ചരിത്രം പറയുന്ന സിനിമയല്ലെന്നും വെറും കഥയാണെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. സിനിമ കാണാതെ വിമർശനമുന്നയിക്കണോ എന്ന് ചോദിച്ച കോടതി കേരളം മതേതരത്വം ഉയർത്തിക്കാട്ടുന്ന സംസ്ഥാനമാണെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. സിനിമ നടത്തിയത് തെറ്റായ വിവരണമാണെന്ന ഹരജിക്കാരുടെ വാദത്തിന് നിയമപരമായ അതോറിറ്റി സിനിമ പരിശോധിച്ചതല്ലേ എന്നും സിനിമയുടെ ട്രെയ്ലർ നവംബറിൽ ഇറങ്ങിയിട്ടും അവസാന നിമിഷമാണ് കോടതിയിൽ വന്നതെന്നുമായിരുന്നു കോടതിയുടെ മറുപടി.