ന്യൂഡൽഹി: എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ. പൈലറ്റ് വനിതാ സുഹൃത്തിനെ കോക്‌പിറ്റിൽ പ്രവേശിപ്പിച്ച സംഭവത്തിലാണ് പിഴ ചുമത്തിയത്. പൈലറ്റിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡും ചെയ്തിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആണ് നടപടിയെടുത്തത്.
ഫെബ്രുവരി 27ന് ഡൽഹി- ദുബൈ വിമാനത്തിലാണ് സംഭവം. വിമാനത്തിൽ കമാൻഡ് ഡ്യൂട്ടിയിലുള്ള പൈലറ്റ് യാത്രക്കാരിയായ എയർ ഇന്ത്യ ജീവനക്കാരിയെ കോക്‌പിറ്റിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയായിരുന്നു.
പൈലറ്റിന്റെ പ്രവൃത്തി ചട്ട വിരുദ്ധമാണെന്ന് ഡിജിസിഎ വ്യക്തമാക്കി. എയർ ക്രാഫ്റ്റ് റൂൾസ് 1937 പ്രകാരം അധികാരം ദുരുപയോഗം ചെയ്തതിനാണ് പൈലറ്റിന്റെ ലൈസൻസ് മൂന്ന് മാസം സസ്പെൻഡ് ചെയ്തത്. നിയമലംഘനം തടയാതിരുന്ന കോ പൈലറ്റിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നു ഡിജിസിഎ വ്യക്തമാക്കി.