മനാമ : വിശുദ്ധ ഉംറ നിർവഹിക്കുന്നവർക്ക് വേണ്ടി ഫ്രന്റ്സ് സ്റ്റഡി സർക്കിൾ പഠനക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. “ഉംറയുടെ പ്രായോഗിക രൂപം” എന്ന വിഷയത്തിൽ മൾട്ടി മീഡിയ ഉപയോഗിച്ചുള്ള അവതരണത്തിന് യാത്രാ അമീർ അബ്ദുൽ ഹഖ് നേതൃത്വം നൽകി. പ്രവാചകൻ മുഹമ്മദ് നബി കാണിച്ചു തന്ന രീതിയിൽ കർമ്മങ്ങൾ നിർവഹിക്കുമ്പോഴാണ് ഉംറ സ്വീകാര്യവും പ്രതിഫലാർഹവുമായി തീരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ മനസാന്നിധ്യത്തോടെയും ഭക്തിപൂർവവുമായിരിക്കണം ഓരോ തീർത്ഥാടകനും മക്കയിലേക്ക് പ്രവേശിക്കേണ്ടത്. ക്ഷമയും പരസ്പരമുള്ള സഹകരണവും ശീലമാക്കണം. ചെയ്ത് പോയ പാപങ്ങൾ വിശുദ്ധ ഹറമുകളിൽ വെച്ച് പടച്ചവനോട് ഏറ്റ് പറഞ്ഞു പശ്ചാത്തപിക്കാനും ഓരോ തീർത്ഥാടകനും സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മദീന വിളിക്കുന്നു” എന്ന തലക്കെട്ടിൽ ജമാൽ നദ്‌വി ഇരിങ്ങൽ പ്രഭാഷണം നിവാഹിച്ചു. നിത്യവിസ്മയങ്ങളായ പല നാഗരികതകളുടെയും തുടക്കം മനുഷ്യർ നടത്തിയ വിവിധങ്ങളായ യാത്രകളിലൂടെ ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അന്നവും പാർപ്പിടവും തേടിയായിരുന്നു അവന്റെ യാത്രയുടെ തുടക്കം. വിശ്വാസികളുടെ ഗുണമായിട്ട് യാത്രയെ ഖുർആൻ എടുത്തു പറയുന്നുണ്ട്. മർദ്ദിതന്റെ വിമോചന കാഹളം മുഴക്കിയ അനിർവചനീയമായ പ്രവാചക ഹിജ്റയെ ഓർത്ത് കൊണ്ട് മാത്രമേ ഏതൊരു തീർത്ഥാടകനും മദീനയിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. സ്നേഹമാണ് മദീനയുടെ സ്ഥായീഭാവം. പള്ളികളുടെ നാഗരമായ മദീനയിൽ എത്ര സമയം ചിലവഴിച്ചാലും വിശ്വാസിക്ക് മതി വരുകയില്ല. അവിടെയുള്ള ഓരോ മണൽതരികൾക്കും വിശ്വാസികളെ കോരിത്തരിപ്പിക്കുന്ന ഒരായിരം ചരിത്രകഥകൾ അയവിറക്കാനുണ്ടാവും. അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് ജീവിതം ശുദ്ധീകരിക്കുക എന്നതായിരിക്കണം ഓരോ തീർത്ഥാടകനും ശ്രദ്ധിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉംറ കൺവീനർ പി. പി.ജാസിർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബഷീർ കാവിൽ സ്വാഗതം പറഞ്ഞു. ഫ്രന്റ്സ് ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ സമാപന പ്രസംഗം നിർവഹിച്ചു.