കോഴിക്കോട്: കോഴിക്കോട്ട് ആരംഭിച്ച വി.എഫ്.എസ് കേന്ദ്രത്തില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവരില്‍നിന്ന് അപേക്ഷ ഇന്ന് മുതല്‍ സ്വീകരിച്ചു തുടങ്ങി. ഈ ആഴ്ച പരിമിതമായ ഓണ്‍ലൈന്‍ ബുക്കിംഗുകളാണ് നല്‍കിയിട്ടുള്ളത്.
കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ തോതില്‍ ആയ ശേഷം അപേക്ഷ സ്വീകരിക്കുന്നതിന്റെ എണ്ണം വര്‍ധിപ്പിക്കും. ജൂലൈ 5 മുതൽ കോഴിക്കോട് വിഎഫ്എസ് കേന്ദ്രത്തിൽ നിന്നും അപ്പോയിൻ്റ്മെൻ്റുകൾ നൽകി തുടങ്ങിയിരുന്നു. എന്നാൽ കോഴിക്കോട് കേന്ദ്രത്തിൽ നിന്നും അപ്പോയിൻ്റ്മെൻ്റ് നൽകി തുടങ്ങിയതോടെ കൊച്ചിയിൽ തിരക്ക് കുറയുകയും കോഴിക്കോട് തിരക്ക് വർധിക്കുകയും ചെയ്തു. നിലവിൽ ഒരു മാസത്തേക്ക് കോഴിക്കോട് സ്ലോട്ടുകൾ ലഭ്യമല്ല. അതേ സമയം കൊച്ചിയിൽ ജൂലൈ 7 മുതൽ സ്ലോട്ടുകൾ ലഭ്യമാകുന്നുണ്ട്. ഇതുവരെ കൊച്ചിയില്‍ മാത്രമാണ് കേരളത്തില്‍ വി.എഫ്.എസ് കേന്ദ്രമുണ്ടായിരുന്നത്. വിസിറ്റ് വിസ അടക്കമുള്ള വിസകള്‍ക്കായി അപേക്ഷിക്കുന്നവര്‍ കൊച്ചിയില്‍ നേരിട്ടെത്തി വിരലടയാളം നല്‍കണമായിരുന്നു. കോഴിക്കോട്ട് കേന്ദ്രം വന്നതോടെ ഈ യാത്ര ഒഴിവായി.
കോഴിക്കോട് മിനി ബൈപ്പാസ് റോഡിലെ സെന്‍ട്രല്‍ ആര്‍ക്കേഡിലാണ് വി.എഫ്.എസ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മുംബൈ കോണ്‍സുലേറ്റിന്റെ കീഴിലാണ് കോഴിക്കോട്,കൊച്ചി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് വഴിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. വിസയില്‍ പേരുള്ളവര്‍ക്ക് മാത്രമേ വി എഫ് എസ് സെന്ററിലേക്ക് പ്രവേശനമുണ്ടാവുകയുള്ളൂ. കൈകുഞ്ഞുണ്ടെങ്കില്‍ ഒരാള്‍ക്ക് കൂടി അകത്തേക്ക് കടക്കാം.
വിസിറ്റ് വിസക്കുള്ള അപേക്ഷയാണെങ്കില്‍ സഊദിയിലെ വിസ ദാതാവിന്റെ, അതായത് വിസ നല്‍കുന്ന ആളുടെ ഇഖാമ കോപ്പി, പാസ്‌പോര്‍ട്ട് കോപ്പി, വിസയില്‍ പേരുള്ളവരുടെ പാസ്‌പോര്‍ട്ട് കോപ്പി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഒറിജിനല്‍ പാസ്‌പോര്‍ട്ട്, അപ്പോയിന്‍മെന്റ് പ്രിന്റ്, വിസ പ്രിന്റ് എന്നിവ കൂടെക്കരുതണം. പാസ്‌പോര്‍ട്ട സൈസ് ഫോട്ടോ പുതിയ സൈസിലാണ് നല്‍കേണ്ടത്. 2 *2 സൈസില്‍ വൈറ്റ് ബാക്ക് ഗ്രൗണ്ടോട് കൂടിയതാണ് പുതിയ സൈസ്.
അപ്പോയ്ന്റ്മെന്റ് എടുക്കുന്ന രീതി ഇങ്ങനെ?
vc.tasheer.com എന്ന വെബ്‌സൈറ്റിൽ കയറിയാണ് ബുക്കിങ് പൂർത്തീകരിക്കേണ്ടത്. ഇതിൽ കയറി ആദ്യം രാജ്യം തിരഞ്ഞെടുക്കണം. India -English എന്നത് തിരഞ്ഞെടുത്ത്. Schedule an Appointment എന്നത് ക്ലിക്ക് ചെയ്യുക. ശേഷം രാജ്യം (INDIA) സെലെക്ട് ചെയ്ത് വിസ കാറ്റഗറിയും (ഉദാ: Family Visit Multiple Entry One Year) തിരഞ്ഞെടുത്ത് സഊദി മിഷൻ MUMBAI തിരഞ്ഞെടുക്കുക. ശേഷം വരുന്നത് സെക്യൂരിറ്റി വെരിഫിക്കേഷൻ (I’m not a robot) എന്നതിലെ ബോക്സ് ടിക് ചെയ്താൽ സ്ലോട്ടുകൾ കാണിക്കും. തുടർന്ന് ഇതേ പേജിന്റെ ഏറ്റവും താഴെയുള്ള Consent ടിക് ചെയ്തു Continue ക്ലിക്ക് ചെയ്ത് അടുത്ത പേജിലേക്ക് പോകാം. തുടർന്ന് Terms and Conditions ടിക് ചെയ്ത് തുടരുക. തുടർന്ന് വരുന്ന ഭാഗങ്ങൾ വളരെ കൃത്യമായി വേണം പൂരിപ്പിക്കാൻ. ഇമെയിൽ, പാസ്സ്പോർട്ട് നമ്പർ എന്നിവ നൽകി ഇമെയിലിൽ ലഭിക്കുന്ന വെരിഫിക്കേഷൻ കോഡ് എന്റർ ചെയ്ത് നടപടികൾ തുടരാം. തുടർന്നുള്ള കാര്യങ്ങളും വളരെ കൃത്യമായിട്ട് വേണം പൂരിപ്പിക്കാൻ.
കോഴിക്കോട് മിനി ബൈപ്പാസ് റോഡിലെ സെൻട്രൽ ആർക്കേഡിലാണ് വി.എഫ്.എസ് കേന്ദ്രം പ്രവർത്തിക്കുന്നത്. മുംബൈ കോൺസുലേറ്റിന്റെ കീഴിലാണ് കോഴിക്കോട് ഓഫീസ്. കൊച്ചി ഓഫീസും മുംബൈക്ക് കീഴിലാണ്. കേരളത്തിൽ കൂടുതൽ വി എസ് എഫ് കേന്ദ്രങ്ങൾ വരുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് കേന്ദ്രം അനുവദിച്ചത്. സെൻട്രൽ ആർക്കേഡ്, മിനി ബൈപാസ് റോഡ്, പുതിയറ, കോഴിക്കോട്, കേരളം 673004 എന്ന അഡ്രസിലാണ് കോഴിക്കോട് വി എഫ് എസ് കേന്ദ്രം പ്രവർത്തിക്കുന്നത്.
നിലവിൽ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ മാത്രമാണ് സഊദി മിഷൻ ഉള്ളത്. മുംബൈക്ക് കീഴിൽ കൊച്ചി, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബംഗളുരു എന്നിവിടങ്ങളിൽ ആണ് വി എഫ് എസ് കേന്ദ്രങ്ങൾ ഉള്ളത്. ഇതിനു പുറമെയാണ് കോഴിക്കോട് കേന്ദ്രവും കൂടി തുറന്നത്.