ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചന൦ രേഖപ്പെടുത്തി ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക നേതാക്കളും വിവിധ സംഘടനകളും

  • Home-FINAL
  • Business & Strategy
  • ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചന൦ രേഖപ്പെടുത്തി ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക നേതാക്കളും വിവിധ സംഘടനകളും

ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചന൦ രേഖപ്പെടുത്തി ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക നേതാക്കളും വിവിധ സംഘടനകളും


ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജം അനുശോചനം രേഖപ്പെടുത്തി.

എന്നും ജനങ്ങൾക്കിടയിൽ ജീവിക്കുകയും ജീവശ്വാസം പോലെ ജനങ്ങളെ കരുതുകയും ചെയ്ത,കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയമായ മുഖമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്.ബഹ്റൈൻ കേരളീയ സമാജവുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുകയും  ബഹ്റൈനിൽ വന്നിട്ടുള്ള അവസരങ്ങളിലെല്ലാം താത്പര്യപൂർവ്വം സമാജം സന്ദർശിക്കുകയും ചെയ്തിട്ടുള്ള നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.പൊതുസേവനത്തിനും ജനപങ്കാളിത്തതോടെയുള്ള ഭരണത്തിനും ഐക്യരാഷ്ട്രസഭ ഏര്‍പ്പെടുത്തിയ  പുരസ്കാരം സ്വീകരിക്കാൻ ബഹ്റൈനിൽ എത്തിയ സന്ദർഭത്തിൽ സമാജം അദ്ദേഹത്തിന് വിപുലമായ സ്വീകരണം ഒരുക്കിയിരുന്നു. വിദേശ രാജ്യത്ത് ആദ്യമായി മലയാളം മിഷൻ്റെ പ്രവർത്തനങ്ങൾക്ക് ബഹ്റൈനിൽ തുടക്കം കുറിച്ചതും കേരള സംഗീത നാടക അക്കാദമിയുടെ ഗൾഫ് അമേച്വർ നാടക മത്സരം സംഘടിപ്പിക്കപ്പെട്ടതും  ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു.അരനൂറ്റാണ്ടിലേറെ,ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്ന പൊതുപ്രവർത്തകൻ നിലയിലും മികച്ച ഭരണാധികാരി എന്ന  നിലയിലും  പൊതുജീവിതത്തിൽ നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ ബഹ്റൈൻ കേരളീയ സമാജം അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായും അനുശോചനക്കുറിപ്പിൽ  അറിയിച്ചു

ബഹ്‌റൈൻ മീഡിയ സിറ്റി അനുശോചിച്ചു

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബഹ്‌റൈൻ മീഡിയ സിറ്റി  ചെയർന്മാനും മാനേജിങ്ങ്  ഡറക്ടറു൦ ,ലോക കേരള സഭാ ആംഗവുമായ ഫ്രാൻസിസ് കൈതാരത്ത്  അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിലെ സമുന്നതനായ ഒരു നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. ലാളിത്യവും ജനകീയതയും മുഖമുദ്രയാക്കിയ ഉമ്മൻചാണ്ടി എല്ലാവർക്കും ഏതുസമയത്തും സമീപിക്കാവുന്ന ജനകീയനും , എപ്പോഴും ജനക്കൂട്ടത്തിനു നടുവിലുള്ള നേതാവായി  അറിയപ്പെട്ടിരുന്ന നേതാവ് എന്നതിനൊപ്പം.പ്രവാസി വിഷയങ്ങളിൽ എക്കാലവും അനുകൂല നിലപാടുള്ള ഒരു വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയുടെതെന്നും ഫ്രാൻസിസ് കൈതാരത്ത് അനുശോചന കുറിപ്പിൽ  അറിയിച്ചു.

ജനകീയതയുടെ മുഖമായിരുന്നു ഉമ്മൻ‌ചാണ്ടി; ബഹ്‌റൈൻ പ്രതിഭ അനുശോചന കുറിപ്പിൽ  അറിയിച്ചു.കേരളജനതയുടെ കഴിഞ്ഞ 50 വർഷക്കാലത്തെ ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. വിവാദങ്ങളിൽ അകപ്പെട്ടപ്പോഴും അവയൊക്കെ ആത്മനിയന്ത്രണത്തോടെ നേരിട്ട ഉമ്മൻചാണ്ടിയുടെ മെയ്‌വഴക്കം ഏതൊരു രാഷ്ട്രീയ നേതാവിനും മാതൃകയാക്കാവുന്നതാണ്. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം ലീഡർ കെ കരുണാകരനും എ കെ ആന്റണിക്കും ചുറ്റിലുമായി കറങ്ങി നിൽക്കുമ്പോഴും, കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കോൺഗ്രസിൻറെയും കേരളത്തിൻറെയും രാഷ്ട്രീയ ചരിത്ര നിർമ്മിതിയ്ക്കു നിദാനമായത് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ കരുനീക്കങ്ങളായിരുന്നു. തുടർച്ചയായി 50 വർഷം ഒരേമണ്ഡലത്തിൽ നിന്നുമുള്ള നിയമസഭാ സാമാജികനായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് അദ്ദേഹത്തിനോടുള്ള ജനങ്ങൾക്കുള്ള വിശ്വാസത്തിൻറെ കൂടി ദൃഷ്ടാന്തമാണ്.

കേരള രാഷ്ട്രീയത്തിൻറെയും ഭരണത്തിൻറെയും അത്യുന്നതങ്ങളിൽ വിരാജിക്കുമ്പോഴും ജീവിതവഴികളിൽ ഉമ്മൻ ചാണ്ടി കാണിച്ച സാധാരണത്വവും ലാളിത്യവും എടുത്തുപറയേണ്ടതാണ്. ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിൽ നികത്തപ്പെടാൻ ഇടയില്ലാത്ത വിടവ് ഉണ്ടാക്കുമെന്നതിൽ തർക്കമില്ല. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾക്കും അനുയായികൾക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുന്നതുമായി പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ ജോയ് വെട്ടിയാടൻ എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

 

ബഹ്‌റൈൻ ഒഐസിസിയുടെ അനുശോചന കുറിപ്പ്.

കേരള രാഷ്ട്രീയത്തിലെ അധികായൻ ഉമ്മൻ ചാണ്ടിക്ക് കണ്ണീർ പ്രണാമം.രാഷ്ട്രീയ കേരളം ഏറ്റവും കൂടുതൽ വേദനിക്കുന്നു ദിവസം. ലോകത്ത് ഇവിടെ ചെന്നാലും തന്റെ ചുറ്റും കൂടുന്ന ആയിരകണക്കിന് ആളുകളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട്‌ പ്രവർത്തിക്കുന്ന നേതാവ് ആയിരുന്നു ഉമ്മൻ‌ചാണ്ടി.ഇരുപത്തിയെഴാം വയസ്സ് മുതൽ മരിക്കുന്ന എഴുപത്തിയോൻപത് വയസ്സ് വരെ, തുടർച്ചയായി പന്ത്രണ്ട് തവണ, നീണ്ട അമ്പത്തിമൂന്നു വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധി ആകുവാനും ഭാഗ്യം ലഭിച്ച നേതാവ് ആയിരുന്നു.സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തന്റെ ജീവിതം മാറ്റി വച്ച നേതാവ് ആയിരുന്നു. കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവ് ആയിരുന്നു. കേരളത്തിലെ മുന്നണി രാഷ്ട്രീയം കൃത്യമായി കൈകാര്യം ചെയ്യുവാനും, ആർക്കും ഒരു പരാതിയും ഇല്ലാതെ പ്രശ്ന പരിഹാരം കാണുവാനും കഴിവുള്ള നേതാവ് ആയിരുന്നു.സൗമ്യതയുടെ പര്യായമായ ഉമ്മൻ‌ചാണ്ടി കാരുണ്യത്തിന്റെ നിറകുടം ആയിരുന്നു. ഏതൊരു പ്രശ്‌നമായും തന്നെ സമീപിക്കുന്ന ആളുകൾക്ക് അവയുടെ പരിഹാരം ഉണ്ടാക്കി കൊടുക്കാൻ സാധിക്കുന്ന അപൂർവം നേതാക്കളിൽ ഒരാൾ ആയിരുന്നു ഉമ്മൻ‌ചാണ്ടി. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ വധശിക്ഷ അടക്കം പ്രതീക്ഷിച്ചു ജയിലിൽ കഴിഞ്ഞിരുന്ന നിരവധി ആളുകൾക്ക് തന്റെ ഇടപെടൽ മൂലം ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ സാധിച്ചിട്ടുണ്ട്. ജനസമ്പർക്ക പരിപാടി മൂലം ലക്ഷകണക്കിന് ആളുകൾക്ക് സഹാങ്ങളും , സർക്കാരിന്റെ ആനുകൂല്യങ്ങളും ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് യൂ എൻ അവാർഡ് പോലും ലഭിച്ചത്, അത് സ്വീകരിക്കുവാൻ ബഹ്‌റൈൻ തെരഞ്ഞെടുത്തതും മൂന്നു ദിവസകാലം നിരവധി സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കുവാനും അദ്ദേഹത്തിന് അദ്ദേഹം സമയം കണ്ടെത്തി .ആരുടേയും ശുപാർശ ഇല്ലാതെ നേരിട്ട് കണ്ടു കാര്യങ്ങൾ ബോധിപ്പിക്കാനും, അവക്ക് പരിഹാരം കാണുവാനും സാധിച്ചിട്ടുണ്ട്.ഇനിയും ഇത് പോലെയുള്ള ജനകീയ നേതാക്കളെ നമുക്ക് ലഭിക്കുമോ എന്ന് അറിയില്ല.

എന്നും ജനങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന നേതാവായിരുന്നു അന്തരിച്ച മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയെന്ന് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പുറത്തിറക്കിയ അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു.

ജനസേവനത്തിനായി മുഴുസമയവും മാറ്റിവെച്ച അദ്ദേഹം സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെയാണ് പൊതുരംഗത്ത് സജീവമായത്. അധികാരത്തിൽ ഇരിക്കുമ്പോഴും സാധാരണക്കാരായ ജനങ്ങൾക്ക് എന്നും അദ്ദേഹം പ്രാപ്യനായിരുന്നു. വിനയവും അർപ്പണബോധവുമുള്ള ഒരു നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. ജനാധിപത്യ-മതേതര ചേരിയെ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ രാജ്യത്ത് സമാധാനവും ക്ഷേമവും ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിയോഗം മൂലം വേദനിക്കുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി ഫ്രൻ്റ്സ് നേതാക്കൾ അറിയിച്ചു. മതേതര ചേരിയെ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ പിന്തുടരാൻ സമൂഹത്തിന് സാധിക്കുമെന്ന് അവർ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ബഹ്‌റൈൻ സന്ദർശന വേളയിൽ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കേന്ദ്ര ഓഫീസ് സന്ദർശിക്കുകയും നേതാക്കളുമായും പ്രവർത്തകരുമായും ഏറെ നേരം സംവദിക്കുകയും ചെയ്തിരുന്നതായും അനുസ്‌മരിച്ചു.

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ വോയ്സ് ഓഫ് ആലപ്പി അനുശോചിച്ചു

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ വോയ്സ് ഓഫ് ആലപ്പി അനുശോചനം രേഖപെടുത്തി, കേരളീയ പൊതു മണ്ഡലത്തിൽ തന്റെതായ ശൈലിയിൽ ജനങ്ങൾക്ക് ഇടയിൽ ജീവിച്ചു ഒരു പൊതു പ്രവർത്തകൻ എങ്ങിനെ ആകണം എന്ന് കാണിച്ചു തന്ന നേതാവ് ആയിരുന്നു അദ്ദേഹം,തന്നെ സമീപിക്കുന്ന ഓരോ ആളിന്റെയും പ്രശ്നങ്ങൾ കേട്ടതിന് ശേഷമേ മറ്റ് പരിപാടിക്ക് പോകു എന്നതും ഉമ്മൻ ചാണ്ടി എന്ന നേതാവിനെ വേറിട്ട്‌ നിർത്തുന്നു, രാഷ്ട്രീയ വേർതിരിവ് ഇല്ലാതെ ഏവർക്കും സ്വീകര്യൻ ആയിരുന്ന അദ്ദേഹത്തിന്റെ മരണം നികത്താൻ ആകാത്ത വിടവ് ആണ് എന്നും വോയ്സ് ഓഫ് ആലപ്പി അനുശോചന കുറിപ്പിൽ അറിയിച്ചു

ജനങ്ങൾക്കിടയിലെ ജനനായകന് വിട; പ്രവാസി വെൽഫെയർ

കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ രാഷ്ട്രീയ കേരളത്തിനുണ്ടായ നഷ്ടത്തിൽ പ്രവാസി വെൽഫെയർ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

കേരളത്തിലെ ജനകീയനായ മുഖ്യന്ത്രിമാരിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടി. വിശ്രമമില്ലാതെ ജനങ്ങൾക്കിടയിൽ പൊതുജീവിതം നയിച്ച രാഷ്ട്രീയ നേതാവ്. ഏറ്റവും സാധാരണക്കാർക്ക് പോലും നേരിൽ കണ്ട് ആവശ്യങ്ങൾ ബോധിപ്പിക്കാൻ മാത്രം അടുപ്പമുള്ള ജനകീയ മുഖം. കക്ഷി രാഷ്ട്രീയത്തിനതീതമായ സൗഹൃദം എക്കാലവും കാത്തുസൂക്ഷിച്ച അദ്ദേഹം ഭരണ, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ്.

സൗമ്യതയും ലാളിത്യവും മുഖമുദ്രയാക്കിയ ഉമ്മൻ ചാണ്ടിക്ക് പ്രവാസി വെൽഫെയർ ആദരാഞ്ജലികൾ നേരുകയും അദ്ദേഹത്തിന്റെ വിയോഗം മൂലം പ്രയാസപ്പെടുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്ക് ചേരുന്നതായും പ്രവാസി വെൽഫയർ ബഹ്‌റൈൻ പത്ര കുറിപ്പിലൂടെ അറിയിച്ചു

ഉമ്മൻ‌ചാണ്ടിയുടെ നിര്യാണത്തിൽ പടവ് കുടുംബ വേദി അനുശോചിച്ചു.

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്ഗ്രസ്സ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പടവ് കുടുംബ വേദി അനുശോചനം രേഖപ്പെടുത്തി

ജനകീയ മുഖം ; പകരം വെയ്ക്കാനില്ലാത്ത നേതാവ്: ഐവൈസിസി ബഹ്‌റൈൻ

മുൻ മുഖ്യമന്ത്രിയും,എഐസിസി ജനറൽ സെക്രെട്ടറിയുമായ ഉമ്മൻ ചാണ്ടി എംഎൽഎ യുടെ നിര്യാണത്തിൽ ഐവൈസിസി ദേശീയ കമ്മറ്റി അനുശോചിച്ചു. കേരളത്തിൽ അധികാരത്തിലിരുന്ന സർക്കാരുകളിൽ ജനകീയ സർക്കാർ എന്ന്  വിശേഷിപ്പിക്കപ്പെട്ട സർക്കാരാണ് ബഹു. ഉ മ്മൻചാണ്ടിയുടേത്. ഊണും ഉറക്കവും ഉപേക്ഷിച്ച് സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കണ്ടിരുന്ന അദ്ദേഹം ജന പ്രതിനിധികൾക്ക് മാതൃകയാണ്. സ്നേഹത്തോടും,സമാധാനത്തോടും മാത്രം മറ്റുള്ളവരോട് ഇടപഴകിയിരുന്ന ഉമ്മൻ ചാണ്ടിയുടെ ജീവിതം ഇന്നത്തെ ഭരണാധികൾക്ക് ഒരു പാഠപുസ്തകമാണ്. ഐവൈസിസി യുടെ തുടക്കകാലം മുതൽ സംഘടനയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ നിർദേശങ്ങളും ഉപദേശശങ്ങളും സംഘടനയുടെ വളർച്ചക്ക് മുതല്കൂട്ടായിട്ടുണ്ടെന്നു പ്രസിഡണ്ട് ഫാസിൽ വട്ടോളി,ജന:സെക്രട്ടറിഅലൻ ഐസക്,ട്രഷറർ:നിധീഷ് ചന്ദ്രൻ എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.അദ്ദേഹത്തിന്റെ വിയോഗം ഐവൈസിസിക്കും ,കോൺഗ്രസ് പ്രസ്ഥാനത്തിനും ,കേരള സമൂഹത്തിനും തീരാനഷ്ടമാണെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

 ലാളിത്യം മുഖ മുദ്രയാക്കിയ ജനനായകൻ : ഐവൈസി ബഹ്‌റൈൻ
മനാമ : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഐവൈസി ബഹ്‌റൈൻ ചാപ്റ്റർ അനുശോചിച്ചു. ഇന്ത്യ കണ്ട പൊതു പൊതുപ്രവർത്തകരിൽ ഏറ്റവും മുന്നിൽ നിന്ന പേരാണ് ഉമ്മൻ ചാണ്ടി. ലാളിത്യവും സൗമ്യസ്വഭാവവും കൈമുതലായ ഉമ്മൻ ചാണ്ടിയുടെ വേർപാട് കോൺഗ്രസ് പാർട്ടിക്കും കേരള സമൂഹത്തിനും തീരാ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഐവൈസി ഭാരവാഹികളായ നിസാർ കുന്നംകുളത്തിങ്കൽ,ബേസിൽ നെല്ലിമറ്റം ഹരി ഭാസ്കർ എന്നിവർ അനുശോചനക്കുറിപ്പിലൂടെ അറിയിച്ചു

ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം അറിയിച്ചു.

മുൻ മുഖ്യമന്ത്രിയും അഞ്ചു പതിറ്റാണ്ടിലധികമായി പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എം എൽ എ യുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം അറിയിച്ചു.കേരളത്തിലെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി അഹോരാത്രം പ്രവർത്തിച്ച ശ്രി ഉമ്മൻ ചാണ്ടി ഒരു വേറിട്ട വ്യക്തിത്വം തന്നെയാണ്.ഒരു പൊതു പ്രവർത്തകൻ എങ്ങനെയാവണം എന്നതിന് ഉത്തമ ഉദാഹരണമാണ്‌ ശ്രി ഉമ്മൻ ചാണ്ടിയുടെ ജീവിതം.ജനങ്ങളുടെ സ്പന്ദനം തിരിച്ചറിയുന്ന ശ്രി ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരള സമൂഹത്തിനും ബഹ്‌റിനിലെ മലയാളി സമൂഹത്തിനും ഒരു തീരാനഷ്ടം തന്നെയാണെന്ന് ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ അനുശോചന കുറിപ്പിൽ അറിയിച്ചു.

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ജനകീയ വിഷയങ്ങളിൽ അത്രമേൽ ഇടപെട്ടിരുന്ന നേതാവിന്റെ വിയോഗം മലയാളികൾക്ക് നികത്താനാവാത്ത നഷ്ടപാണെന്നു അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാൽ അഭിപ്രായപെട്ടു. പ്രവീൺ മേല്പത്തൂർ, നാസർ മഞ്ചേരി, ദിലീപ്, മുഹമ്മദാലി മലപ്പുറം മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.

ബഹ്‌റൈൻ കേരള കോൺഗ്രസ്അനുശോചനം രേഖപ്പെടുത്തി

കേരള മുൻ മുഖ്യമന്ത്രിയും ജനലക്ഷങ്ങളുടെ ആരാധനപാത്രവുമായ ജനകീയ നേതാവ് ഉമ്മൻചാണ്ടിയുടെ നിര്യാണം രാഷ്ട്രീയത്തിൽ രാജ്യത്തിന് തന്നെ നികത്താനാവാത്ത വിടവാണെന്ന് അദ്ദേഹത്തിന് സ്നേഹസാന്നിധ്യം സാധാരണക്കാരോടൊപ്പം എന്നും നിലനിൽക്കുമെന്ന് സംസ്ഥാനത്തിന് നൽകിയ സംഭാവനകൾ വരുതലമുറയ്ക്ക് മാതൃകയാണെന്നും വിവിധ രീതിയിൽ അദ്ദേഹവുമായി നിരന്തരം ഇടപെട്ടത് കൊണ്ട് ആ പിതൃ സ്നേഹം അനുഭവിച്ചറിഞ്ഞതിൽ ചരിതാർത്ഥ്യം ഉണ്ടെന്നും വ്യക്തിപരമായി കുഞ്ഞച്ചായൻ എന്ന് വിശേഷിപ്പിക്കുന്ന കുഞ്ഞഊഞ്ഞിനെ കേരള കോൺഗ്രസിഇൻ്റെ ചരിത്രത്തിൽ ഇദ്ദേഹത്തിന് വലിയ ഒരു ഇടമുണ്ടായിരുന്ന് അദ്ദേഹത്തിൻറെ നിലപാട് എന്നും മുതൽക്കൂട്ടാണെന്നും ബഹ്‌റൈൻ കേരള കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് മുൻ സ്റ്റേറ്റ് മനുഷ്യാവകാശ സംഘടന ജനറൽ സെക്രട്ടറി പൊൻകുന്നം സോബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അഗാധമായ ദുഖം രേഖപ്പെടുത്തി

ഗുരുദേവ സോഷ്യൽ സൊസൈറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു. ആക്ടിംഗ് ചെയർമാൻ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ബിനു രാജ് മറ്റ് D.B അംഗങ്ങളും പങ്കെടുത്തു. മുതിർന്ന അംഗങ്ങളായ ശ്രീ അജിത്ത് പ്രസാദ്, ശ്രീ എ. കെ ബാബു, ശ്രീ ജോസ് കുമാർ,, മുൻ ജനറൽ സെക്രട്ടറി ശ്രീ രാജേഷ് കണിയാംപറമ്പിൽ എന്നിവർ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു സംസാരിക്കുകയുണ്ടായി ജനങ്ങൾക്ക് എന്നും പ്രിയങ്കരനായ നേതാവ് ജനഹൃദയങ്ങളിൽ മരിക്കാതെ ജീവിക്കുമെന്നും അദ്ദേഹത്തിൻറെ മരണത്തിലുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും ഭാരവാഹികൾ അനുശോചന കുറിപ്പിൽ അറിയിച്ചു.

 

Leave A Comment