മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. സജീവ രാഷ്ട്രീയത്തിലേക്ക് വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അച്ചു ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. മത്സരിക്കുന്നതിന് ചാണ്ടി ഉമ്മന്‍ യോഗ്യനാണ്. എങ്കിലും യോഗ്യതയും സ്ഥാനാര്‍ത്ഥി ആരെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും അച്ചു ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നുള്ള ചര്‍ച്ചകള്‍ ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതെന്ന് അച്ചു ഉമ്മന്‍ പറയുന്നു. അച്ചു ഉമ്മന്‍ എന്ന പേരിനേക്കാള്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ എന്ന പേരിലാണ് താന്‍ ഇത്രയും കാലം അറിയപ്പെട്ടത്. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ എന്ന ഐഡന്റിറ്റിയില്‍ തന്നെ മരിക്കുംവരെ ജീവിക്കണമെന്നാണ് ആഗ്രഹമെന്നും മറ്റൊന്നും ആഗ്രഹിക്കുന്നില്ലെന്നും അച്ചു ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിലുള്ളവര്‍ എന്നതുപോലെ ഉമ്മന്‍ ചാണ്ടിയ്ക്ക് പുതുപ്പള്ളിയിലെ ഓരോരുത്തരേയും അറിയാമെന്ന് അച്ചു ഉമ്മന്‍ പറയുന്നു. ആ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരേയാകും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുക എന്ന് ഉറപ്പുണ്ടെന്ന് അച്ചു ഉമ്മന്‍ പറയുന്നു. ഈ അവസരത്തില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടോ എന്നും അച്ചു ഉമ്മന്‍ ചോദിച്ചു.