കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ്. വീരളത്ത്മഠത്തിൽ സുബ്ബരായൻ പോറ്റിയുടെയും കൃഷ്ണമ്മാളിന്റേയും മകനായി 1932 ജൂലൈ 9-നാണ് ജനനം. യഥാർത്ഥനാമം എസ്.സുകുമാരൻ പോറ്റിയെന്നാണ്.
1957-ൽ പൊലീസ് വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 1987-ൽ വഴുതക്കാട് പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് സിഐഡി വിഭാഗത്തിൽ നിന്ന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറായി വിരമിച്ചു. മനഃശാസ്ത്രം മാസികയിൽ 17 വർഷം വരച്ച ‘ഡോ.മനശാസ്ത്രി’ എന്ന കാർട്ടൂൺ കോളം പ്രസിദ്ധമാണ്. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകനാണ്. കേരള കാർട്ടൂൺ അക്കാദമിയുടെ ചെയർമാനും സെക്രട്ടറിയുമായിരുന്നു. നർമകൈരളിയുടെ സ്ഥാപകനാണ്. 1996-ൽ ഹാസ്യ സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
കവിത, കഥ, നോവൽ, നാടകം ഉൾപ്പെടെ അൻപതിൽപ്പരം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2019 -ൽ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് താമസം മാറ്റി. സർക്കാർ കാര്യം, കോടമ്പക്കം, പ്ലഗ്ഗുകൾ, അ, കൂത്തമ്പലം, കുടുമ, ഒട്ടിപ്പോ എന്നിങ്ങനെയാണ് ഹാസ്യ നോവലുകൾ. ഒരു നോൺ ഗസറ്റഡ് ചിരി, രാജാകേശവദാസൻ, ഞാൻ എന്നും ഉണ്ടായിരുന്നു, സുസ്‌മിതം, ഓപ്പറേഷൻ മുണ്ടങ്കുളം, ഹാസ്യം സുകുമാരം, അട്ടയും മെത്തയും, ഊളനും കോഴിയും, കൊച്ചിൻ ജോക്ക്‌സ്, കാക്കിക്കഥകൾ, സുകുമാർ കഥകൾ, അഹം നർമ്മാസ്‌മി, ഹാസ്യപ്രസാദം എന്നിങ്ങനെയാണ് ഹാസ്യ കഥാസമാഹാരങ്ങൾ.