പ്രസ്താവനകളല്ല വികസനം.പത്ര സമ്മേളനത്തില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും അസത്യങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതു൦; യു.പി.പി

  • Home-FINAL
  • Business & Strategy
  • പ്രസ്താവനകളല്ല വികസനം.പത്ര സമ്മേളനത്തില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും അസത്യങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതു൦; യു.പി.പി

പ്രസ്താവനകളല്ല വികസനം.പത്ര സമ്മേളനത്തില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും അസത്യങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതു൦; യു.പി.പി


 

ഇന്ത്യന്‍ സ്കൂളില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇപ്പോഴത്തെ കാവല്‍ ഭരണസമിതി വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും അസത്യങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് യു.പി.പി ആരോപിച്ചു.കഴിഞ്ഞ ജനറല്‍ വാര്‍ഷിക ബോഡി യോഗത്തില്‍ യു.പി.പി യുടെ പിന്തുണ നേടിയാണ് സ്കൂളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാനുളള തീരുമാനം എടുത്തത്.ആ ഒരു തീരുമാനം യാഥാര്‍ത്ഥ്യം ആകും മുന്‍പ് എങ്ങിനെ ഭരണസമിതിയുടെ നേട്ടമായി ചിത്രീകരിക്കും?

പത്ത് വര്‍ഷത്തോളം ഘഡുക്കള്‍ അടച്ച് തീരുന്‍പോള്‍ സോളാര്‍ പാനല്‍ സ്കൂളിന് സ്വന്തമാകും എന്ന് പറയുന്നതിനൊപ്പം തന്നെ അതിന്‍റെ ഗ്യാരണ്ടി പത്ത് വര്‍ഷമാണെന്ന് അറിഞ്ഞപ്പോള്‍ സ്കൂളിന് പിന്നെ എന്ത് ലാഭം എന്ന യുപി.പി യുടെ ചോദ്യത്തിന് അതിനെ കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ട് എന്നാണ് ബന്ധപ്പെട്ടവര്‍ അന്ന് മറുപടി നല്‍കിയത്.സ്കൂളിലെ സ്പോര്‍ട്സ് ഗ്രൗണ്ട് നവീകരിച്ചു എന്ന് അവകാശപ്പെടുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്ത കാര്യമാണ്.സ്പോര്‍ട്സ് ഗ്രൗണ്ട് ടാര്‍ ചെയ്ത് റോഡാക്കി മാറ്റിയത് തികഞ്ഞ വിവേകശൂന്യത മാത്രമാണ്.ലക്ഷകണക്കിന് ദിനാറിന്‍റെ വരവ് ചെലവുകള്‍ നടക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഒരു മഹത് സ്ഥാപനത്തില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമേ ബാക്കിയുളളൂ എന്ന് മുന്നില്‍ കണ്ടു കൊണ്ട് ബാത്ത് റൂമില്‍ പഴയ ടൈല്‍സിന് മുകളില്‍ ഗ്ളൂ തേച്ച് താല്‍ക്കാലികമായി വീണ്ടും ടൈല്‍ പതിപ്പിച്ചതും
ആധുനിക കാലം വര്‍ഷങ്ങള്‍ താണ്ടിയിട്ടും എന്നേ സ്ഥാപിക്കേണ്ടിയിരുന്ന എല്‍.ഇ.ഡി ഡിസ്പ്ളേ കാലം തെറ്റി സഥാപിച്ചതുമാണ് വികസനം എന്ന് പറയുന്നതും, തികച്ചും പരിഹാസ്യമാണ്.അദ്ധ്യാപകരും അല്ലാത്തവരുമായ സ്റ്റാഫുകള്‍ക്ക് വര്‍ഷം തോറും നല്‍കേണ്ടിയിരുന്ന വേതന വര്‍ദ്ധനവ് ഈ ഭരണം ഒന്‍പത് വര്‍ഷം പിന്നിട്ടിട്ടും ഇത് വരെ നല്‍കാതെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രം നല്‍കുന്ന രാഷ്ട്രീയ കുതന്ത്രത്തെ ഭരണനേട്ടമായി പറയുന്നതിലെ അടിസ്ഥാനമെന്താണ്

ഇരുട്ട് കൊണ്ട് എത്ര തന്നെ ഓട്ടയടച്ചാലും ഇതൊക്കെ മനസ്സിലാക്കാനാവാത്തവരല്ല ഇന്ത്യന്‍ സ്കൂള്‍ രക്ഷിതാക്കളും പൊതു സമൂഹവുമെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കേണ്ടതുണ്ട്.ഈ ഐ.ടി യുഗത്തില്‍ സ്കൂള്‍ മുഴുവന്‍ വൈഫൈ കണക്റ്റിവിറ്റി യുണ്ട് എന്നൊക്കെ വീരവാദം പറയുന്നത് നേട്ടങ്ങളൊന്നും എടുത്ത് പറയാനില്ലാത്തവരുടെ ദയനീയ രോദനം മാത്രമാണ്.പല സംഘടനകളുടേയും നൂറുകണക്കിന് പ്രോഗ്രാമുകളിലുടെ വാടകയിനത്തിലൂടെ ലഭിക്കുന്ന ആയിരകണക്കിന് ദിനാറിന്‍റെ വരുമാനം നിലച്ചു പോകാനാണോ ജഷന്‍ മാള്‍ ഓഡിറ്റോറിയത്തിന്‍റെ ചുവരുകളിലുണ്ടായിരുന്ന എക്കോ പ്രൂഫ് പ്രതലങ്ങളില്‍ പുട്ടിയിട്ട് പെയിന്‍റടിച്ച് മിനുക്കിയത്.ഏത് പ്രോഗ്രാമിന്‍റേയും ശബ്ദവും താളവും അസഹ്യമാം വിധം പ്രതിധ്വനിക്കുന്ന രീതിയില്‍ ആക്കിയതാണോ നൂതന സംവിധാനങ്ങളുള്ള ശബ്ദ ക്രമീകരണം എന്നും യു.പി.പി പരിഹാസ പൂര്‍വ്വം ചോദിച്ചു.

ഇന്‍ഫ്രാ സട്രെക്ച്ചര്‍ എന്ന പേരില്‍ ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും മാസാ മാസം ശരാശരി നാലു ദിനാര്‍ വീതം പന്ത്രണ്ടായിരം കുട്ടികളില്‍ നിന്ന് ഒന്‍പത് വര്‍ഷം പിരിച്ചെടുത്ത കോടികണക്കിന് രൂപ കൊണ്ട് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി എന്ത് വികസന പ്രവര്‍ത്തനമാണ് സ്കൂളില്‍ ഈ ഭരണസമിതി നടത്തിയത് എന്ന രക്ഷിതാക്കളുടെ വളരെ പ്രസക്തമായ ചോദ്യത്തിനെ മായ്ച്ചുകളയാന്‍ ഇത്തരം പുകമറകള്‍ കൊണ്ട് സാധ്യമല്ലെന്ന് ഭരണ സമിതി ഓര്‍ക്കേണ്ടതുണ്ട് .ഒന്‍പത് വര്‍ഷം ഭരിച്ചിട്ടും,ചരിത്രത്തിലാദ്യമായാണ് ഒരു ഭരണ സമിതി ഒരു വികസന പ്രവര്‍ത്തനവും നടത്താതെ ഇന്ത്യന്‍ സ്കൂളില്‍ നിന്ന് ഭരണം വിട്ടൊഴിയുന്നത്.വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലൂടെ ഈ ഭരണമുന്നണിയെ തൂത്തെറിയാന്‍ രക്ഷിതാക്കള്‍ കാത്തിരിക്കുകയാണെന്നും യു.പി.പി നേതാക്കള്‍  പറഞ്ഞു.

Leave A Comment