കോഴിക്കോട് നാദാപുരം പെരുമുണ്ടച്ചേരിയിൽ റോഡരികിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. നരിക്കാട്ടേരി കാരയിൽ കനാൽ – പെരുമുണ്ടച്ചേരി റോഡിൽ ചുഴലിയിലാണ് ബോംബുകൾ കണ്ടെത്തിയത്.
തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡിന് പിന്നിൽ പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സി.ഐ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡ് ബോംബുകൾ കസ്റ്റഡിയിലെടുത്തു.
സ്റ്റീൽ കണ്ടെയ്നറുകൾ തുരുമ്പെടുത്ത നിലയിലാണ് കണ്ടെത്തിയത്. അന്വേഷണം നടത്തിയതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ എന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ പാലൂർ വള്ളങ്ങാട്ട് നിന്ന് അഞ്ച് ദിവസം മുമ്പും സ്റ്റീൽ ബോമ്പുകൾ കണ്ടെത്തിയിരുന്നു. അടച്ചിട്ട കടമുറിക്കുള്ളിൽ നിന്നായിരുന്നു അന്ന് ബോംബുകൾ കണ്ടെത്തിയത്.