കോഴിക്കോട്: മദ്യം ബലമായി നൽകി നഴ്സിങ് വിദ്യാർഥിനിയെ കോഴിക്കോട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. ഇവർ ഒളിവിലാണ്. പ്രതികളെ പിടിക്കാൻ ഊർജിതമായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട് നഗരത്തിൽ ശനിയാഴ്ച രാത്രിയാണ് കൂട്ടബലാത്സംഗം ഉണ്ടായത്. സുഹൃത്തുക്കളായ രണ്ടു പേർ ചേർന്ന് അവർ താമസിക്കുന്ന മുറിയിലെത്തിച്ചാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. മുറിയിൽവച്ച് നിർബന്ധപൂർവം മദ്യം നൽകിയ ശേഷമായിരുന്നു പീഡനമെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് ഞായറാഴ്ച രാവിലെ പെൺകുട്ടിയെ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു. പെൺ കുട്ടി എറണാകുളം സ്വദേശിനിയാണ്.
പരാതി ലഭിച്ചതിനു പിന്നാലെ കസബ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇവരുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചിട്ടുണ്ട്. ഇവരുടെ കൃത്യമായ വിശദാംശങ്ങളും ലഭ്യമായിട്ടുണ്ട്. ഇതുവച്ചാണ് പ്രതികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നത്.