ബഹ്റൈൻ: ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ഒരുക്കിയാണ് ഇത്തവണത്തെ ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങൾ അവിസ്മരണീയമാക്കാൻ ബഹ്റൈൻ ടൂറിസം അതോറിറ്റി തയ്യാറെടുക്കുന്നത്.വിവിധ ഗവർണറേറ്റുകൾ, മുനിസിപ്പൽ കൗൺസിലുകൾ എന്നിവയുമായി സഹകരിച്ച് ബഹ്റൈൻ പതാകയെ അടയാളപ്പെടുത്തി വെള്ള ചുവപ്പ് നിറങ്ങളിലുള്ള ദീപാലങ്കാരങ്ങൾ ഒരുക്കി നിരവധി പരിപാടികളുമായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയ ദിനാഘോഷ൦ വർണാഭമാക്കുന്നത്.
ഇതിന്റെ ഭാഗമായി മുഹറഖ് ഗവർണറേറ്റിലെ ഖലീഫ അൽ കബീർ ഹൈവേ, എയർപോർട്ട് റോഡ്, അൽ ഗൗസ് ഹൈവേ, ഹിദ്ദ് ജങ്ഷൻ, റയ്യ റോഡ് എന്നിവിടങ്ങളിലും ദക്ഷിണ ഗവർണറേറ്റിൽ ഡിസംബർ 16 റോഡ്, ക്ലോക്ക് റൗണ്ട് എബൗട്ട്, ഈസ ടൗൺ, സല്ലാഖ് റോഡ്, വലിയുൽ അഹ്ദ് അവന്യൂ, റിഫ റോഡ് എന്നിവിടങ്ങളിലും കാപിറ്റൽ ഗവർണറേറ്റിൽ അദ്ലിയ 338 ബ്ലോക്ക്, ശൈഖ് ഖലീ-ബിൻ സൽമാൻ ഹൈവേ, കിങ് ഫൈസൽ ഹൈവേ എന്നിവിടങ്ങളിലും ഉത്തര മേഖല ഗവർണറേറ്റിൽ സൗദി കോസ്വേ, സാർ റോഡ്, വലിയ്യുൽ അഹ്ദ് റൗണ്ട് എബൗട്ട്, ഹമദ് ടൗണിലെ സതേൺ എൻട്രി എന്നിവിടങ്ങളിലും ദീപാലങ്കാരങ്ങൾ ഒരുക്കും.
അതേസമയം ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങൾക്ക് ബഹ്റൈൻ ആഘോഷം എന്ന പേരിൽ പുതിയ ലോഗോ പുറത്തിറക്കി. ലോഗോയിൽ ബലദുൽ കറം അഥവാ ‘ആദരണീയ രാജ്യം’എന്ന പേരിലുള്ള എന്ന ഹാഷ്ടാഗുമുണ്ട്.ഡിസംബർ ഒന്ന് മുതൽ വിവിധ സർക്കാർ അതോറിറ്റികളുടെയും മന്ത്രാലയങ്ങളുടെയും സാമൂഹിക മാധ്യമങ്ങളിൽ ഇത് പ്രദർശിപ്പിക്കുന്നുമുണ്ട്.