തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ ഓട്ടോമേറ്റഡ് പാര്‍ക്കിങ് സംവിധാനം നിലവില്‍ വന്നു.
യാത്രക്കാര്‍ക്ക് തടസ്സങ്ങളില്ലാതെ വാഹനവുമായി വിമാനത്താവളത്തില്‍ പ്രവേശിക്കാനും തിരിച്ചുപോകാനും കഴിയുന്ന രീതിയിലാണ് പുതിയ സംവിധാനം.
സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന ടിക്കറ്റ് ഡിസ്പെന്‍സറുകള്‍ ഉപയോഗിച്ച് പ്രവേശന കവാടത്തില്‍ നിന്ന് ടോക്കണ്‍ വാങ്ങി പാര്‍ക്കിങ് ഏരിയയിലേക്ക് പോകാം. എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങുമ്പോൾ ഈ ടിക്കറ്റ് എക്സിറ്റ് ടോള്‍ ബൂത്തില്‍ സ്കാന്‍ ചെയ്യണം. പാര്‍ക്കിങ് ഫീ ബാധകമാണെങ്കില്‍ നേരിട്ടോ ഡിജിറ്റല്‍ ആയോ തുക അടക്കാം.
അറൈവല്‍ ഏരിയയില്‍ ഉള്ള പ്രീ പെയ്ഡ് കൗണ്ടര്‍ വഴിയും പണം അടക്കാം. നിലവിലെ പാര്‍ക്കിങ് നിരക്കുകളില്‍ മാറ്റമില്ല. പുതിയ സൗകര്യം നിലവില്‍ വരുന്നതോടെ ടോള്‍ ബൂത്തുകള്‍ക്കു മുന്നിലെ തിരക്കു കുറയും.
എയര്‍പോര്‍ട്ടിലെ ജീവനക്കാര്‍ക്ക് എന്‍ട്രി, എക്സിറ്റ് കൗണ്ടറുകളില്‍ ആര്‍.എഫ്.ഐ.ഡി കാര്‍ഡ് സ്കാന്‍ ചെയ്ത് യാത്ര ചെയ്യാം. ഫാസ്ടാഗ് പോലുള്ള പുതിയ സൗകര്യങ്ങളും ഉടന്‍ നിലവില്‍ വരുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.