ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 106 പേര്‍ക്കാണ് ബഹുമതി. ഇതില്‍ ആറുപേര്‍ക്കാണ് രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ പത്മ വിഭൂഷണ്‍ ലഭിച്ചത്.
പത്മ വിഭൂഷണിന് തൊട്ടു താഴെയുള്ള പത്മഭൂഷണ്‍ 9 പേര്‍ക്കും 91 പേര്‍ക്ക് നാലാമത്തെ പരമോന്നത പുരസ്‌കാരമായ പത്മശ്രീയും ലഭിച്ചു. ഗാന്ധിയന്‍ വി പി അപ്പുക്കുട്ടന്‍ പൊതുവാളിന് പുറമേ മറ്റു മൂന്ന് പേര്‍ക്ക് കൂടി പത്മശ്രീ ലഭിച്ചത് കേരളത്തിന് അഭിമാനമായി. വിദ്യാഭ്യാസരംഗത്തെ സംഭാവനകള്‍ മാനിച്ച് സി ഐ ഐസക്ക്, കാര്‍ഷികരംഗത്തെ സംഭാവനകള്‍ മാനിച്ച് ചെറുവയല്‍ കെ രാമന്‍, കായികരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് എസ് ആര്‍ ഡി പ്രസാദ് എന്നിവരാണ് മറ്റു പത്മശ്രീ അവാര്‍ഡ് നേടിയ മലയാളികള്‍.
ബാല്‍കൃഷ്ണ ദോഷി, തബലിസ്റ്റ് സക്കീര്‍ ഹുസൈന്‍, മുന്‍ കേന്ദ്രമന്ത്രി എസ് എം കൃഷ്ണ, ശ്രീനിവാസ് വര്‍ദ്ധന്‍, എസ്പി നേതാവ് മുലായം സിങ് യാദവ്, ഒആര്‍എസ് ലായനി വികസിപ്പിച്ച ദിലീപ് മഹലനാബിസ് എന്നിവര്‍ക്കാണ് രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ പത്മ വിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് ദിലീപ് മഹലനാബിസിനും മുലായം സിങ് യാദവിനും ബാല്‍കൃഷ്ണ ദോഷിക്കും പുരസ്‌കാരം നല്‍കിയത്. പത്മഭൂഷണ്‍ ലഭിച്ച ഒന്‍പത് പേരില്‍ ഗായിയ വാണി ജയറാമും ഉള്‍പ്പെടുന്നു. സുധാ മൂര്‍ത്തി, കപില്‍ കപൂര്‍, ദീപക് ദര്‍ തുടങ്ങിയവരാണ് പത്മഭൂഷണ്‍ ലഭിച്ചവര്‍.