ന്യൂഡൽഹി: യാത്രക്കാരുടേതല്ലാത്ത കാരണത്താൽ വിമാന യാത്ര മുടങ്ങിയാൽ നഷ്ടപരിഹാരം ലഭിക്കും.
ആഭ്യന്തര യാത്രക്കാർക്ക് നികുതി ഉൾപ്പെടെ ടിക്കറ്റ് നിരക്കിന്റെ 75 ശതമാനം തിരികെ കിട്ടും.
വിദേശ യാത്രകൾക്ക് മൂന്നുവിഭാഗങ്ങളിലായാണ് തുക തിരികെ നൽകുക. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെതാണ് (ഡിജിസിഎ) നിർദേശം. വിമാനങ്ങൾ റദ്ദാക്കൽ, വിമാനങ്ങളുടെ കാലതാമസം തുടങ്ങിയ കാരണങ്ങളാൽ എയർലൈനുകൾ യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ട സിവിൽ ഏവിയേഷൻ റിക്വയ്ർമെന്റിൽ (സിഎആർ) ഡിജിസിഎ ഭേദഗതി വരുത്തി. പുതിയ മാനദണ്ഡങ്ങൾ ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരും. വിമാന യാത്രക്കാരുടെ പരാതികളുടെ പശ്ചാത്തലത്തിലാണ് മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്.
വിദേശ യാത്രകൾക്ക് 1,500 കിലോമീറ്ററോ അതിൽ താഴെയോ പറക്കുന്ന വിമാനങ്ങൾക്കു നികുതി ഉൾപ്പെടെ ടിക്കറ്റ് വിലയുടെ 30% ലഭിക്കും. 1,500 മുതൽ 3,500 കിലോമീറ്റർ വരെ പറക്കുന്ന വിമാനങ്ങൾക്ക് ടിക്കറ്റിന്റെ വിലയുടെ 50% ലഭിക്കും. 3,500 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കുന്ന വിമാനങ്ങൾക്കു നികുതി ഉൾപ്പെടെ ടിക്കറ്റിന്റെ 75% ലഭിക്കും.